ബെല്‍ഗാം: കന്നുകാലി വ്യാപാരികളെ തടഞ്ഞ ശ്രീരാമ സേന പ്രവര്‍ത്തകരെ നാട്ടുകാര്‍ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ബെല്‍ഗാമിലെ ഹുക്കേരിയില്‍ ജൂണ്‍ 28നാണ് സംഭവം. അടിക്കുന്നതിന്റെ വീഡിയോ നാട്ടുകാര്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. പശുക്കളെ കശാപ്പ് ചെയ്യാന്‍ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചാണ് ശ്രീരാമ സേന പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് പശുക്കളെ ഇംഗലി ഗ്രാമത്തിലെ ഒരു തൊഴുത്തിലേക്ക് കൊണ്ടുപോയി. പശുക്കളുടെ ഉടമയായ ബാപുസ മുള്‍ട്ടാനി ശനിയാഴ്ച്ച തൊഴുത്തില്‍ എത്തി പശുക്കളെ മോചിപ്പിച്ചു. ഇത് അറിഞ്ഞ ശ്രീരാമസേന പ്രവര്‍ത്തകര്‍ മുള്‍ട്ടാനിയെ ആക്രമിക്കാന്‍ പിന്തുടര്‍ന്നു. മുള്‍ട്ടാനിയുടെ വീട്ടിലെത്തി ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ ശ്രീരാമസേന പ്രവര്‍ത്തകരെ പിടികൂടി തെങ്ങില്‍ കെട്ടിയിട്ട് അടിച്ചത്. പരാതി നല്‍കാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും ശ്രീരാമ സേന പ്രവര്‍ത്തകര്‍ തയ്യാറായില്ല. അവസാനം പോലിസ് സ്വമേധയാ കേസെടുത്തു. പശുക്കളെ പാലിന്റെ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നതെന്നും ശ്രീരാമ സേന പ്രവര്‍ത്തകര്‍ പണം തട്ടാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു.ശ്രീരാമ സേന പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് ആരോപിച്ച് നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.