ബെംഗളൂരു: ചെറുപ്പക്കാര്‍ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ വാദത്തിലെ ചര്‍ച്ച അവസാനിക്കുന്നതിന് മുമ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വളമിട്ട് സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിന്റെ പോസ്റ്റ്. ചെറുപ്പക്കാര്‍ 20കളില്‍ത്തന്നെ കല്യാണം കഴിക്കണമെന്നും ഉടന്‍ കുട്ടികളും വേണമെന്നുമാണ് എക്‌സില്‍ ശ്രീധര്‍ വെമ്പു കുറിച്ചത്.
' ഞാന്‍ കണ്ടുമുട്ടുന്ന യുവ സംരംഭകരോട്, പുരുഷന്മാരും സ്ത്രീകളും, വിവാഹം കഴിച്ച് 20-കളില്‍ കുട്ടികളെ വളര്‍ത്തണമെന്നും അത് മാറ്റിവെക്കരുതെന്നും ഞാന്‍ ഉപദേശിക്കുന്നു. സമൂഹത്തോടും സ്വന്തം പൂര്‍വ്വികരോടും ഉള്ള ജനസംഖ്യാപരമായ കടമ അവര്‍ നിറവേറ്റണമെന്ന് ഞാന്‍ അവരോട് പറയുന്നു. ഈ ആശയങ്ങള്‍ വിചിത്രമോ പഴയതോ ആയി തോന്നാമെന്ന് എനിക്കറിയാം, പക്ഷേ ഈ ആശയങ്ങള്‍ വീണ്ടും പ്രതിധ്വനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.''- ശ്രീധര്‍ വെമ്പു പറഞ്ഞു.
പ്രമുഖ സംരംഭകയും അപ്പോളോ ഹോസ്പിറ്റല്‍സ് സിഎസ്ആര്‍ വിഭാഗം വൈസ്-ചെയര്‍പഴ്‌സനും തെലുങ്ക് സിനിമാതാരം രാം ചരണിന്റെ ഭാര്യയുമായ ഉപാസന കാമിനേനി കോനിഡെലയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ശ്രീധര്‍ വെമ്പുവിന്റെ പോസ്റ്റ്. സ്ത്രീകള്‍ വിവാഹം കഴിക്കാന്‍ വൈകുകയാണെന്നും അതാണ് പുരോഗമിച്ച ഇന്ത്യയെന്നുമായിരുന്നു കാമിനേനി പോസ്റ്റിട്ടത്. എന്നാല്‍, അതിനെതിരെ ശ്രീധര്‍ വെമ്പു രംഗത്തെത്തുകയായിരുന്നു. ഐഐടി ഹൈദരാബാദിലെ വിദ്യാര്‍ഥികളുമായി സംവദിച്ചപ്പോഴുള്ള അനുഭവമായിരുന്നു കോനിഡെല എക്‌സില്‍ പങ്കുവച്ചത്. നിങ്ങളിലാര്‍ക്കൊക്കെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് കോനിഡെല വിദ്യാര്‍ഥികളോട് ചോദിച്ചിരുന്നു. പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ കൈകള്‍ ഉയര്‍ത്തിയത് ആണ്‍കുട്ടികളായിരുന്നു. പെണ്‍കുട്ടികള്‍ കരിയര്‍-ഫോക്കസ്ഡ് ആണെന്നും ഇതാണ് പുതിയ, വളരുന്ന ഇന്ത്യയെന്നും ഉപാസന കോനിഡെല എക്‌സില്‍ എഴുതി.
