കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് നാട് വിട നല്‍കും. ഇന്ന് രാവിലെ 10 ന് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകള്‍. ശനിയാഴ്ച രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.പ്രിയനടന്റെ മരണവിവരമറിഞ്ഞതോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് ജനം ഒഴുകി. ഇന്നലെ രാവിലെ പകല്‍ 11 ഓടെ മൃതദേഹം കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള 'പാലാഴി' വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ജനക്കൂട്ടം വഴിയില്‍ കാത്തുനിന്നു. 12 ഓടെ പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലേക്ക് എത്തിച്ചു. മൂന്നുവരെയായിരുന്നു പൊതുദര്‍ശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക് കാരണം 3.45 വരെ നീണ്ടു. തുടര്‍ന്ന് കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.