പെണ്‍സുഹൃത്തിന് സ്‌പെഷ്യല്‍ ഫോഴ്‌സ് സംരക്ഷണം; കാഷ് പട്ടേലിനെതിരെ യുഎസില്‍ അന്വേഷണം
വാഷിങ്ടണ്‍: പെണ്‍സുഹൃത്തിന് സ്‌പെഷ്യല്‍ ഫോഴ്‌സ് സംരക്ഷണം നല്‍കിയ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെതിരെ യുഎസില്‍ അന്വേഷണം. അലക്‌സിസ് വില്‍കിന്‍സ് എന്ന ഗായികയാണ് നിലവില്‍ കാഷ് പട്ടേലിന്റെ പെണ്‍സുഹൃത്ത്. യുഎസ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ പരിപാടിക്ക് അലക്‌സിസ് വില്‍കിന്‍സ് എത്തിയപ്പോള്‍ എഫ്ബിഐയുടെ സ്‌പെഷ്യല്‍ ഫോഴ്‌സ് അവര്‍ക്ക് കാവല്‍ നിന്നിരുന്നു. കെട്ടിടങ്ങള്‍ക്ക് അകത്ത് കയറാനും ബന്ദികളെ മോചിപ്പിക്കാനും പരിശീലനം നേടിയ സംഘമാണ് അവര്‍ക്കായ് കാവല്‍ നിന്നത്. കാഷ് പട്ടേലിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം അവിടെ എത്തിയത്. എന്നാല്‍, യുഎസ് പൗരന്‍മാരുടെ നികുതിപ്പണം കാഷ് പട്ടേലിന്റെ വ്യക്തിപരമായ ആവശ്യത്തിന് ചെലവഴിച്ചു എന്നതാണ് അന്വേഷണത്തിന് കാരണമായത്. പെണ്‍സുഹൃത്തിനെ ഒരാളുടെ ജീവിതപങ്കാളിയായി കാണാനാവുമോ എന്ന ചോദ്യവും ഇത് യുഎസില്‍ ഉയര്‍ത്തിയിട്ടുണ്ട്.