ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ പുറപ്പെട്ട ഫ്‌ളോട്ടില്ലകള്‍ക്ക് സംരക്ഷണം നല്‍കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് സ്‌പെയ്ന്‍. 45 രാജ്യങ്ങളിലെ സാമൂഹിക പ്രവര്‍ത്തകരാണ് ഗസാ നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഫ്‌ളോട്ടില്ലയിലുള്ളതെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കാന്‍ എത്തിയ സ്‌പെയ്ന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പറഞ്ഞു. '' അന്താരാഷ്ട്ര നിയമം പാലിക്കപ്പെടണം. പൗരന്‍മാര്‍ക്ക് മെഡിറ്ററേനിയനിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കണം. നാളെ കാര്‍ട്ടഗ്നയില്‍ നിന്നും യുദ്ധക്കപ്പല്‍ അയക്കും. അതില്‍ ഫ്‌ളോട്ടില്ലയെ സഹായിക്കാന്‍ വേണ്ട സൗകര്യങ്ങളുണ്ടായിരിക്കും.''-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഫ്‌ളോട്ടില്ല ഗ്രീക്ക് തീരം വിട്ടപ്പോള്‍ 12 ഡ്രോണുകള്‍ അവയെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് സംരക്ഷണത്തിനായി ഇറ്റലി യുദ്ധക്കപ്പലുകളെ അയച്ചു. എന്തുവില കൊടുത്തും ഗസയിലേക്ക് പോവുമെന്ന് പ്രമുഖ സ്വീഡീഷ് ആക്ടിവിസ്റ്റായ ഗ്രൈറ്റ തുന്‍ബര്‍ഗ് അറിയിച്ചു. ഗസയിലെ ഫലസ്തീനികള്‍ അനുഭവിക്കുന്നത് വച്ച് നോക്കുമ്പോള്‍ ആരും ഒന്നും അനുഭവിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.