ഗസയിലേക്കുള്ള ഫ്‌ളോട്ടില്ലകളെ തൊട്ടാല്‍ ഇസ്രായേലിനെതിരേ കൂടുതല്‍ നടപടി:സ്‌പെയ്ന്‍; ഇസ്രായേലിനെതിരേ സമ്പൂര്‍ണ ആയുധ ഉപരോധവും ഏര്‍പ്പെടുത്തി

Update: 2025-09-24 07:35 GMT

മാഡ്രിഡ്: ഗസയിലെ ഇസ്രായേലി ഉപരോധം തകര്‍ക്കാന്‍ പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ തൊട്ടാല്‍ ഇസ്രായേലിനെതിരെ കൂടുതല്‍ നടപടിയെന്ന് സ്‌പെയ്ന്‍. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരാണ് ഇത്തവണത്തെ ഫ്‌ളോട്ടില്ലയിലുള്ളത്. ഫ്‌ളോട്ടില്ലയെ തടയുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് സ്‌പെയ്ന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. ഫ്‌ളോട്ടില്ലയിലുള്ള സ്‌പെയ്ന്‍ പൗരന്‍മാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നയതന്ത്രപരമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഫ്‌ളോട്ടില്ലക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ ടുണീഷ്യ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേലിന് സമ്പൂര്‍ണ ആയുധ നിരോധനവും സ്‌പെയ്ന്‍ ഏര്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.


മനുഷ്യാവകാശ സംരക്ഷണത്തില്‍ സ്‌പെയ്ന്‍ അതിന്റെ അന്താരാഷ്ട്ര ചുമതല വഹിക്കുകയാണെന്ന് സാമ്പത്തിക കാര്യമന്ത്രി കാര്‍ലോസ് കുര്‍പ്പോ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ നടപടി വൈകിപ്പോയെന്ന് ഭരണപക്ഷത്തെ മറ്റൊരു അംഗം പറഞ്ഞു. ഗസയില്‍ ഏകദേശം 60000 പേര്‍ കൊല്ലപ്പെട്ട ശേഷമാണ് നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതിപക്ഷം, ഇസ്രായേലി അനുകൂല നിലപാട് സ്വീകരിച്ചു.