ഇസ്രായേലിന് ഉപരോധം ഏര്‍പ്പെടുത്തി സ്‌പെയ്ന്‍; സ്ഥാനപതിയെ തിരിച്ചുവിളിച്ചു
മാഡ്രിഡ്: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിന് ഒമ്പതുമേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യമായ സ്‌പെയ്ന്‍. ആയുധ വ്യാപാരം, തുറമുഖ ഉപയോഗം, ഇസ്രായേലി ഉദ്യോഗസ്ഥര്‍ക്കുള്ള വിലക്ക് തുടങ്ങി ഒമ്പത് മേഖലകളിലാണ് ഉപരോധം. തുടര്‍ന്ന് സ്‌പെയ്‌ന്റെ നടപടി സെമിറ്റിക് വിരുദ്ധതയാണെന്ന് ഇസ്രായേലി വിദേശകാര്യമന്ത്രി ഗിദിയന്‍ സാര്‍ ആരോപിച്ചു. ഇതോടെ ഇസ്രായേലിലേക്കുള്ള പ്രതിനിധിയെ സ്‌പെയ്ന്‍ പിന്‍വലിച്ചു.
''സ്‌പെയിനിനും സ്പാനിഷ് ജനതയ്ക്കുമെതിരെ ഇസ്രായേല്‍ ഉന്നയിച്ച വ്യാജവും അപവാദപരവുമായ ആരോപണങ്ങളെ അപലപിക്കുന്നു. ഇസ്രായേലിന് ഏര്‍പ്പെടുത്തിയ ഉപരോധം ഗസയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യത്വരഹിതമായ സാഹചര്യത്തെ കുറിച്ചുള്ള സ്പാനിഷ് സമൂഹത്തിന്റെ ഭൂരിപക്ഷ അഭിപ്രായം പ്രതിഫലിപ്പിക്കുന്നു.''-പ്രസ്താവന പറയുന്നു.
ഗസയില്‍ 'വംശഹത്യ, മനുഷ്യാവകാശ ലംഘനങ്ങള്‍, യുദ്ധക്കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ നേരിട്ട് പങ്കാളികളായ' വ്യക്തികള്‍ക്കും സ്‌പെയ്ന്‍ വിലക്ക് ഏര്‍പ്പെടുത്തും. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കോളനികളില്‍ നിന്നുള്ള ഇറക്കുമതിയും നിരോധിക്കും. ഏതെങ്കിലും സ്പാനിഷ് പൗരന്‍മാര്‍ വെസ്റ്റ്ബാങ്കില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ പരിമിതപ്പെടുത്തും. കൂടാതെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിക്ക് സ്‌പെയിന്‍ 10 ദശലക്ഷം യൂറോ കൂടി സംഭാവന ചെയ്യും. ഗസയ്ക്കുള്ള മൊത്തത്തിലുള്ള മാനുഷിക സഹായം 2026 ഓടെ 150 ദശലക്ഷം യൂറോയായി വര്‍ദ്ധിപ്പിക്കും.
ഈ നടപടികളെല്ലാം അധിനിവേശമോ യുദ്ധക്കുറ്റകൃത്യങ്ങളോ തടയാന്‍ പര്യാപ്തമാകില്ലെന്ന് അറിയാമെന്ന് സ്‌പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ പ്രതിരോധമില്ലാത്ത ജനതയെ നശിപ്പിക്കുകയാണ്. ഗസയിലെ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ഏകപക്ഷീയമായി തടയാന്‍ സ്‌പെയിനിന് കഴിയില്ല. കാരണം സ്‌പെയ്‌നിന് ആണവായുധങ്ങളോ വിമാനവാഹിനിക്കപ്പലുകളോ ഇല്ല. എന്നിരുന്നാലും സാധ്യമായ എല്ലാ കാര്യവും സ്‌പെയ്ന്‍ ചെയ്യും.''-അദ്ദേഹം പറഞ്ഞു.
