മാഡ്രിഡ്: ഇസ്രായേലുമായുള്ള 7,625 കോടി രൂപയുടെ ആയുധ ഇടപാട് റദ്ദാക്കി സ്‌പെയ്ന്‍. സയണിസ്റ്റ് കമ്പനിയായ എല്‍ബിത് സിസ്റ്റംസിന്റെ പിയുഎല്‍എസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന 12 സിലാം റോക്കറ്റ് ലോഞ്ചര്‍ സംവിധാനങ്ങള്‍ അടക്കമാണ് സ്‌പെയ്ന്‍ വേണ്ടെന്നു വെച്ചത്. ഗസയിലെ വംശഹത്യ തടയാനുള്ള നടപടികളുടെ ഭാഗമായാണ് ഇസ്രായേലുമായുള്ള സൈനിക ഇടപാടുകള്‍ പൂര്‍ണമായും നിര്‍ത്തിയതെന്ന് സ്‌പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഇസ്രായേലി കപ്പലുകള്‍ ഇന്ധനവുമായോ ആയുധങ്ങളുമായോ സ്‌പെയ്‌നിലെ തുറമുഖങ്ങളില്‍ അടുക്കാന്‍ അനുവദിക്കില്ല. ഇസ്രായേലി ലൈസന്‍സ് ഉപയോഗിച്ച് നിര്‍മിക്കുന്ന 2,979 കോടി രൂപയുടെ 168 ആന്റി ടാങ്ക് മിസൈല്‍ ലോഞ്ചറുകള്‍ വാങ്ങുന്നതും നേരത്തെ നിര്‍ത്തിയിരുന്നു. 2023 മുതല്‍ ഒപ്പിട്ട 46 കരാറുകളാണ് സ്‌പെയ്ന്‍ റദ്ദാക്കുന്നത്.