ജാതകം ചേരാത്തതിനാല്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് എസ്പി പിന്‍മാറി, പീഡനപരാതി നല്‍കി ഡിഎസ്പി, ജാതകം നേരത്തെ നോക്കണമായിരുന്നുവെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ജാതകം ചേരാത്തതിനാല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയ എസ്പിക്കെതിരായ ബലാല്‍സംഗക്കേസ് തീര്‍പ്പാക്കാന്‍ പ്രത്യേക മധ്യസ്ഥതക്ക് ഉത്തരവിട്ട് സുപ്രിംകോടതി. ജമ്മുകശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് ഗീത മിത്തലാണ് ആരോപണ വിധേയനായ എസ്പിയും പരാതിക്കാരിയായ ഡിഎസ്പിയും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കേണ്ടത്. ബിഹാറിലെ ഒരു ജില്ലയില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം രൂപപ്പെട്ടത്. പക്ഷേ, ജാതകം ചേരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എസ്പി വിവാഹത്തില്‍ നിന്നും പിന്‍മാറി. ഇതോടെ ഡിഎസ്പി ബലാല്‍സംഗ പരാതി നല്‍കി. പിന്നീട് പറ്റ്‌ന ഹൈക്കോടതി കേസ് റദ്ദാക്കി. തുടര്‍ന്നാണ് ഡിഎസ്പി സുപ്രിംകോടതിയെ സമീപിച്ചത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് എസ്പി, ഡിഎസ്പിയുമായി ലൈംഗികബന്ധം സ്ഥാപിച്ചതെന്ന് സുപ്രിംകോടതി ചോദിച്ചു. വിവാഹം വാഗ്ദാനം ചെയ്താണെന്ന് ഡിഎസ്പിയുടെ അഭിഭാഷകന്‍ അറിയിച്ചു. എസ്പിയാണ് ബന്ധം തുടങ്ങാന്‍ കാരണമെന്നും പിന്നീട് വാക്കുമാറിയെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, ജാതകം ചേരാത്തതിനാല്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നെന്ന് എസ്പിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാതകം നോക്കാന്‍ വളരെ വൈകിപ്പോയെന്നാണ് സുപ്രിംകോടതി ഇതിന് മറുപടി നല്‍കിയത്. ''അത് പ്രധാനപ്പെട്ട വിഷയമാണ്. നക്ഷത്രങ്ങള്‍ ചേര്‍ന്നില്ലെങ്കില്‍ നല്ല വിവാഹബന്ധം നയിക്കാനാവുമോ ?. ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ജാതകം നോക്കണമായിരുന്നു. വിവാഹത്തിന്റെ നേരത്താണോ ജാതകം നോക്കുന്നത് ?.''- കോടതി ചോദിച്ചു.
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സുപ്രിംകോടതി ചോദിച്ചു. അഞ്ചു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഡിഎസ്പിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും വലിയ തുക നല്‍കാനാവില്ലെന്ന് എസ്പി അറിയിച്ചു. നിലവില്‍ താന്‍ വിവാഹിതനാണെന്നും രണ്ടു കുട്ടികളുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുക കൂടുതലാണെന്ന് കോടതിയും പറഞ്ഞു.
എന്നാല്‍, തന്നെ ബന്ധത്തില്‍ ചേര്‍ത്തത് ഉന്നത ഉദ്യോഗസ്ഥ പദവി ദുരുപയോഗം ചെയ്താണെന്ന് ഡിഎസ്പി തുടര്‍ന്നുവാദിച്ചു. നിങ്ങള്‍ ഡിഎസ്പിയല്ലേയെന്ന് കോടതി തിരിച്ചു ചോദിച്ചു. പരാതിക്കാരിക്ക് 40 വയസും ആരോപണവിധേയന് 33 വയസുമാണ് പ്രായമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസുമായി നടക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ കോടതി നിര്‍ദേശിച്ചു. '' പണ്ട് നടന്നതൊന്നും നോക്കേണ്ട. ഇക്കാര്യവും പറഞ്ഞ് പോരടിക്കുന്നത് രണ്ടുപേര്‍ക്കും ഗുണം ചെയ്യില്ല. അതിനാല്‍ ഒരു ജഡ്ജിയെ ഒത്തുതീര്‍പ്പിന് ചുമതലപ്പെടുത്താം.'' കോടതി പറഞ്ഞു. തുടര്‍ന്നാണ് മുന്‍ ജഡ്ജി ഗീതാ മിത്തലിനെ പരിഹാരത്തിനായി ചുമതലപ്പെടുത്തിയത്.

