'' തെക്കന്‍ യെമന്‍ പ്രത്യേക രാജ്യമാവണം; ഇസ്രായേലുമായി ബന്ധമുണ്ടാക്കും'': അല്‍ സുബൈദി

Update: 2025-09-25 10:23 GMT

അബൂദബി: തെക്കന്‍ യെമന്‍ പ്രത്യേക രാജ്യമാവുകയാണെങ്കില്‍ ഇസ്രായേലുമായി ബന്ധമുണ്ടാക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഐദറസ് അല്‍ സുബൈദി. രാജ്യപദവി ലഭിക്കാനുള്ള എല്ലാ അവകാശവും തെക്കന്‍ യെമനുണ്ടെന്നും യുഎഇ കേന്ദ്രമായ ദി നാഷണലിനോട് അല്‍ സുബൈദി പറഞ്ഞു. തെക്കന്‍ യെമന്‍ പുതിയ രാജ്യമാവുകയാണെങ്കില്‍ സ്വന്തമായ വിദേശനയമുണ്ടാവും. അപ്പോള്‍ എബ്രഹാം ഉടമ്പടിയുടെ ഭാഗമാവാം. തെക്കന്‍ യെമന്‍ രാജ്യമാവുന്നത് അന്‍സാറുല്ലയെ ഒറ്റപ്പെടുത്താനും അന്താരാഷ്ട്ര ശക്തികള്‍ക്ക് വ്യക്തയുണ്ടാവാനും സഹായിക്കും. നിലവില്‍ തെക്കന്‍ യെമനില്‍ സൈന്യവും പോലിസും ഭരണസംവിധാനങ്ങളുമുണ്ട്. വടക്കന്‍ യെമനെ അന്‍സാറുല്ലയില്‍ നിന്നും മോചിപ്പിക്കാന്‍ വിവിധ രാജ്യങ്ങള്‍ സഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിനെ ആക്രമിച്ച് പ്രദേശത്തെ തങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് അന്‍സാറുല്ല ചെയ്യുന്നതെന്നും അല്‍ സുബൈദി ആരോപിച്ചു. '' അന്‍സാറുല്ലയുടെ ആക്രമണങ്ങള്‍ ദുര്‍ബലവും ഫലമില്ലാത്തതുമാണ്. അത്തരം ആക്രമണങ്ങള്‍ യെമനികളുടെ ദുരിതം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങളുടെ വരുമാനത്തിന്റെ 70 ശതമാനവും പെട്രോളിയം കയറ്റുമതിയില്‍ നിന്നായിരുന്നു. അന്‍സാറുല്ലയുടെ ആക്രമണങ്ങള്‍ മൂലം കയറ്റുമതി തടസപ്പെട്ടു. സൗദിയും യുഎഇയും ഞങ്ങളെ ധാരാളം സഹായിച്ചു. അവരുള്ളതിനാലാണ് തെക്കന്‍ യെമന്റെ സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നത്. അവരില്ലെങ്കില്‍ ഞങ്ങള്‍ തകര്‍ന്നുപോയെനെ''-അല്‍ സുബൈദി കൂട്ടിചേര്‍ത്തു. യെമന്റെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞാണ് അന്‍സാറുല്ല പെട്രോളിയം കയറ്റുമതി കേന്ദ്രങ്ങളെ ആക്രമിക്കുന്നത്. ഇടക്കിടെ തെക്കന്‍ യെമനിലെ തുറമുഖങ്ങളിലേക്ക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.