കേരളത്തിന് 30 എംപിമാര്‍, തമിഴ്‌നാടിന് 59; ലോക്‌സഭയില്‍ ഉറപ്പ് നല്‍കി അമിത് ഷാ
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനര്‍നിര്‍ണയത്തിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിത സംവരണ ബില്‍ ഭേദഗതി പാസായ ശേഷം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ എം പിമാരുടെ ആകെ എണ്ണം 129 ല്‍ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്‌സയിലാണ് അമിത് ഷാ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കില്‍കിയത്. ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 എന്ന അനുപാതം 23.87 ആയി ഉയരും. തമിഴ്‌നാട്ടിലെ എം പിമാരുടെ എണ്ണം 39 ല്‍ നിന്ന് 59 ആകും. കേരളത്തില്‍ ഇത് ഇരുപതില്‍ നിന്ന് മുപ്പതാകും. ലോക്‌സഭയില്‍ കേരളത്തിന്റെ അനുപാതം 3.68 എന്നത് 3.67 എന്നായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. കര്‍ണാടകയുടെ സീറ്റ് 28 ല്‍ നിന്ന് 42 ആയി ഉയരുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ലോക്‌സഭയിലെ പ്രസംഗത്തില്‍ അമിത് ഷാ, പ്രതിപക്ഷം മണ്ഡല പുനര്‍നിര്‍ണയത്തില്‍ തെറ്റിദ്ധാരണ പരത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷവും അതേപടി തുടരും. എല്ലാ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും. തമിഴ്‌നാടിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തില്‍ നിന്ന് 7.23 ശതമാനമായി ഉയരും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജാതി സെന്‍സസ് നടക്കാന്‍ പോകുകയാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം പറയുന്നത്. തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടം ഉണ്ടാകില്ല. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി നല്‍കുന്ന ഉറപ്പാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകള്‍ 50 ശതമാനം വര്‍ദ്ധിക്കുമെന്ന് ഉറപ്പു നല്‍കുന്നു. യഥാര്‍ത്ഥ വസ്തുതകളെ കുറിച്ച് പ്രതിപക്ഷം പഠിക്കണം. വിശദമായ റിപ്പോര്‍ട്ട് നാളെ അവതരിപ്പിക്കും. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ മണ്ഡല പുനര്‍നിര്‍ണയ നിയമമാണ് പിന്തുടരുന്നത്. മണ്ഡല പുനര്‍നിര്‍ണയ ചട്ടങ്ങള്‍ നടപ്പാക്കിയത് യുപിഎ സര്‍ക്കാരാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ചട്ടങ്ങള്‍ പാസാക്കിയത്. രാജ്യത്തെ ജനാധിപത്യം അവസാനിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിനുള്ള അധികാരം ആര്‍ക്കുമില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
