ബ്രാഡ് സിഗ്മന്റെ വധശിക്ഷ നടപ്പാക്കി; മൂന്നു പേര്‍ അടങ്ങിയ ഫയറിങ് സ്‌ക്വോഡാണ് വെടിവച്ചത്
കൊളംബിയ: യുഎസില്‍ ഫയറിങ് സ്‌ക്വോഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. 2001ല്‍ പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളെ കൊന്നു എന്ന കേസിലെ ആരോപണവിധേയനായ ബ്രാഡ് സിഗ്മന്റെ(67) വധശിക്ഷയാണ് സൗത്ത് കരോലൈനയിലെ ബ്രോഡ് റിവര്‍ ജയിലില്‍ നടപ്പാക്കിയത്. 1976ല്‍ സംസ്ഥാനത്ത് വധശിക്ഷ പുനസ്ഥാപിച്ച ശേഷം നടപ്പാക്കുന്ന നാലാമത്തെ ശിക്ഷയാണ് ഇത്. വിഷം കുത്തിവയ്ക്കല്‍, ഇലക്ട്രിക് ചെയര്‍ എന്നീ മാര്‍ഗങ്ങള്‍ ഒഴിവാക്കി ബ്രാഡ് സിഗ്മണ്‍ തന്നെയാണ് ഫയറിങ് സ്‌ക്വോഡ് രീതി തിരഞ്ഞെടുത്തത്.
''എന്റെ അവസാന പ്രസ്താവന സ്‌നേഹത്തിന്റെ പ്രസ്താവനയും വധശിക്ഷ അവസാനിപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ ശ്രമിക്കണമെന്ന ആഹ്വാനവും ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു മനുഷ്യനെ കൊല്ലാനുള്ള അധികാരം പുതിയനിയമത്തില്‍ എവിടെയും ദൈവം മനുഷ്യന് നല്‍കിയിട്ടില്ല''- മരണത്തിന് മുമ്പ് ബ്രാഡ് സിഗ്മന്‍ പറഞ്ഞു.
ബ്രാഡിന്റെ മരണം ഭയാനകവും അക്രമാസക്തവുമായിരുന്നെന്ന് മരണത്തിന് സാക്ഷ്യം വഹിച്ച അഭിഭാഷകന്‍ ജെറാള്‍ഡ് ബോ കിങ് പറഞ്ഞു. തന്റെ വിശ്വാസത്തിനും ശുശ്രൂഷയ്ക്കും ചുറ്റുമുള്ള എല്ലാവരുടെയും സേവനത്തിനും വേണ്ടി സ്വയം സമര്‍പ്പിച്ച ഒരു മനുഷ്യനായിരുന്നു ബ്രാഡെന്നും 23 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ ഒരു അക്രമവും നടത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
അവസാനമായി കെഎഫ്‌സിയില്‍ നിന്ന് ഭക്ഷണം വേണമെന്നാണ് ബ്രാഡ് ആവശ്യപ്പെട്ടത്. മാഷ്ഡ് പൊട്ടാറ്റോയും ഗ്രീന്‍പീസും ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയത്. മൂന്നു പേരാണ് തോക്കുമായി വധശിക്ഷ നടപ്പാക്കാന്‍ എത്തിയത്. ഇവരെ കാണാന്‍ സാക്ഷികള്‍ക്ക് സാധിക്കുമായിരുന്നില്ല. മൂന്നു തോക്കിലും യഥാര്‍ത്ഥ വെടിയുണ്ടകളാണ് നിറച്ചിരുന്നത്.
കറുത്ത നിറത്തിലുള്ള ജംപ് സ്യൂട്ട് ധരിച്ച ബ്രാഡിനെ ഒരു കസേരയില്‍ ബന്ധിച്ചിരുന്നതായി വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷ്യം വഹിച്ച ജെഫ്‌റി കോളിന്‍സ് എന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ഇതിന് ശേഷം അഭിഭാഷകന്‍ അന്ത്യപ്രസ്താവന വായിച്ചു. വൈകീട്ട് 6.05നാണ് വെടിവച്ചത്. അപ്പോള്‍ ബ്രാഡിന്റെ നെഞ്ചില്‍ ചുവപ്പുനിറം വന്നുവെന്നും ജെഫ്‌റി പറഞ്ഞു. 6.08ന് ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. വിഷം കുത്തിവെക്കല്‍, ഇലക്ട്രിക്കല്‍ ചെയര്‍ വധശിക്ഷാ രീതികള്‍ താന്‍ കണ്ടിട്ടുണ്ടെന്നും വെടിവച്ചു കൊല്ലുമ്പോള്‍ പ്രതി വേഗം മരിക്കുന്നതായും ജെഫ്‌റി അഭിപ്രായപ്പെട്ടു.
15 മീറ്റര്‍ അകലെ നിന്നാണ് മൂന്നു പേര്‍ ബ്രാഡിനെ വെടിവച്ചിരിക്കുന്നത്. 0.308എ വിഞ്ചെസ്റ്റര്‍ അര്‍ബന്‍ വെടിയുണ്ടകളാണ് ഇതിനായ് ഉപയോഗിച്ചത്. വെടി കൊണ്ടയുടന്‍ ബ്രാഡ് ബോധരഹിതനായെന്ന് ഡോ. ജൊനാതന്‍ ഗ്രോണര്‍ പറഞ്ഞു. വലിയ കാലിബര്‍ ഉള്ള വെടിയുണ്ടകള്‍ തട്ടിയാല്‍ ഉടന്‍ ഹൃദയം പിളരും. അതോടെ തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് ഇല്ലാതാവും. ഇതാണ് ബോധം നഷ്ടപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിരെ ജയിലിന് പുറത്ത് പ്രതിഷേധവും നടന്നു. എല്ലാ ജീവനും അമൂല്യമാണെന്നും ഇനിയും കൊലകള്‍ പാടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

