ട്രംപിന്റെ ഉപരോധത്തെ നേരിടും; ഇസ്രായേലിനെതിരായ കേസുമായി മുന്നോട്ടുപോവും: ദക്ഷിണാഫ്രിക്ക
ജൊഹാനസ്ബര്‍ഗ്: ഗസയില്‍ വംശഹത്യ നടത്തിയ ഇസ്രായേലിനെതിരായ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ കേസുമായി മുന്നോട്ടുപോവുമെന്ന് ദക്ഷിണാഫ്രിക്ക. അന്താരാഷ്ട്ര നീതിന്യായ കോടതിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. '' നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നറിയാം. പക്ഷേ, ലോകത്തിനും നിയമവാഴ്ച്ചക്കും ഈ കേസ് അനിവാര്യമാണ്.''-ദക്ഷിണാഫ്രിക്കയുടെ നീതിന്യായ മന്ത്രി റൊണാള്‍ഡ് ലാമോള പറഞ്ഞു.
ഗസയിലെ വംശഹത്യയില്‍ 2023 അവസാനമാണ് ഇസ്രായേലിന് എതിരെ ദക്ഷിണാഫ്രിക്ക കേസ് കൊടുത്തത്. ഈ കേസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധമന്ത്രിയായിരുന്ന യോവ് ഗാലന്റ് എന്നിവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിട്ടുണ്ട്. നിക്കരാഗ്വ, കൊളംബിയ, ലിബിയ, മെക്‌സിക്കോ, സ്‌പെയിന്‍, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഈ കേസില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷി ചേര്‍ന്നിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ഭൂമിയുടെ 85 ശതമാനവും വെള്ളക്കാരുടെ കൈവശമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കുള്ള സഹായങ്ങള്‍ വെട്ടിക്കുറക്കുമെന്ന ഉത്തരവും ഇറക്കി.