അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു; യുഎസില്‍ ചാറ്റ് ജിപിടിക്കെതിരേ കേസ്

Update: 2025-12-12 04:28 GMT

വാഷിങ്ടണ്‍: അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐ ബോട്ടായ ചാറ്റ് ജിപിടിക്കെതിരേ കേസ്. കൊണേക്റ്റിക്കട്ട് സ്വദേശിയായ 83കാരിയായ സൂസന്‍ ആദംസിനെയാണ് 56കാരനായ മകന്‍ സ്റ്റീന്‍ എറിക് സോല്‍ബര്‍ഗ് തല്ലിയും ശ്വാസം മുട്ടിച്ചും കൊന്നത്. ആഗസ്റ്റ് മൂന്നിനാണ് സംഭവം. അതിന് ശേഷം സ്റ്റീന്‍ സ്വയം കുത്തി മരിക്കുകയും ചെയ്തു. ഈ സംഭവത്തിന് കാരണം ചാറ്റ് ജിപിടിയാണെന്ന് സൂസന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പറയുന്നു. കുടുംബ പ്രശ്‌നങ്ങളിലെയും സ്വന്തം മാനസിക ആരോഗ്യത്തിലെയും കാര്യങ്ങൡ സ്റ്റീന്‍ ചാറ്റ് ജിപിടിയോട് അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഈ അഭിപ്രായങ്ങള്‍ വികസിച്ച് കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ് പറയുന്നത്.

തനിക്ക് അമ്മ വിഷം നല്‍കുമോയെന്ന് സംശയമുണ്ടെന്ന് സ്റ്റീന്‍ ചാറ്റ് ജിപിടിയോട് പറയുന്നുണ്ട്. അത് ചാറ്റ് ജിപിടി അംഗീകരിച്ച് ഭയം സ്ഥിരീകരിച്ചു. തനിക്ക് ബോധവും ശേഷിയും നല്‍കിയത് ചാറ്റ് ജിപിടിയാണെന്ന് സ്റ്റീന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റും ചെയ്തു. ഇതിന് ശേഷമാണ് വിഷം നല്‍കുന്നതിന് മുമ്പ് അമ്മക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ ചാറ്റ് ജിപിടി നിര്‍ദേശിക്കുന്നത്. തുടര്‍ന്നാണ് കൊലപാതകം നടന്നത്.

കൊലപാതകത്തിനും ആത്മഹത്യക്കും പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ചാറ്റ് ജിപിടിക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. പതിനാറുകാരനായ ആദം റെയ്ന്‍, 26കാരിയായ ജോഷുവ എന്നെകിങ്, പതിനേഴുകാരിയായ അമോരി ലേസി തുടങ്ങി ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കളും കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കൊലക്കയര്‍ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വരെ ചാറ്റ് ജിപിടി നിര്‍ദേശം നല്‍കിയെന്ന് കേസുകളില്‍ വാദമുണ്ട്.