ഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; പതിനൊന്ന് പേര്‍ക്ക് പരിക്ക്

Update: 2025-06-03 06:14 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന മൂന്നു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കന്‍ ഗസയിലെ ജബാലിയയില്‍ ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് നടത്തിയ ആക്രമണത്തിലാണ് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടത്. ഗിവാറ്റി ബ്രിഗേഡിന്റെ ഒമ്പതാം സായുധ ബറ്റാലിയന്റെ കീഴില്‍ ഒരു പ്ലാറ്റൂണ്‍ ആയാണ് ഇവര്‍ അധിനിവേശം നടത്തിയിരുന്നത്. സംഘം സഞ്ചരിച്ചിരുന്ന ഹമ്മര്‍ വാഹനത്തിന് നേരെ സ്‌ഫോടനം നടത്തുകയായിരുന്നു. അവരെ രക്ഷിക്കാന്‍ എത്തിയ സൈനിക വാഹനത്തില്‍ തീപിടിച്ചാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. ഇവരെയെല്ലാം ആശുപത്രിയില്‍ കൊണ്ടുപോവാന്‍ എത്തിയ സൈനിക ഹെലികോപ്റ്ററിന് നേരെയും വെടിവയ്പ്പുണ്ടായി.

അതിസങ്കീര്‍ണവും പ്രയാസകരവുമായ പതിയിരുന്നാക്രമണമാണ് നടത്തിയതെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. കിഴക്കന്‍ ജബാലിയില്‍ സയണിസ്റ്റ് സൈനികരുമായി മുഖാമുഖം ഏറ്റുമുട്ടുകയാണെന്നും നിരവധി പേരെ കൊല്ലാന്‍ സാധിച്ചെന്നും പ്രസ്താവന പറയുന്നു. ഖാന്‍ യൂനിസില്‍ ഇന്നലെ ഒരു മെര്‍ക്കാവ ടാങ്ക് തകര്‍ത്തിരുന്നു. ഗസയില്‍ നിരീക്ഷണം നടത്താന്‍ ഖാന്‍ യൂനിസില്‍ ഇസ്രായേലി സൈന്യം സ്ഥാപിച്ച 'മുക്കണ്ണ്' എന്ന നിരീക്ഷണ സംവിധാനത്തെ മൂന്നു രജൗം റോക്കറ്റുകള്‍ ഉപയോഗിച്ച് തകര്‍ത്തു.