''യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഇസ്രായേലി സൈനികര്‍ സ്വയം മുറിവേല്‍പ്പിക്കുന്നു'' ;മക്കളെ സംരക്ഷിക്കണമെന്ന് മാതാപിതാക്കള്‍ സുപ്രിംകോടതിയില്‍

Update: 2025-07-08 14:06 GMT

തെല്‍അവീവ്: ഗസയിലും ലബ്‌നാനിലും നടക്കുന്ന അധിനിവേശത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഇസ്രായേലി സൈനികര്‍ സ്വയം മുറിവേല്‍പ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ഇസ്രായേലി സുപ്രിംകോടതിയെ സമീപിച്ചു. മക്കളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. അധിനിവേശത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സൈനികരുടെ കുടുംബങ്ങളുടെ സംഘടനയായ മദര്‍ എവേക്ക് എന്ന സംഘടനയാണ് ഹരജി നല്‍കിയത്.

നാലു മാസത്തേക്ക് സൈനികസേവനം നിര്‍ബന്ധിതമാക്കിയ ഡയറക്ടീവ്-77നെയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്യുന്നത്. ഹരജിയില്‍ ജൂലൈ 30ന് മുമ്പ് നിലപാട് അറിയിക്കാന്‍ സൈനിക മേധാവിക്കും മാനവശേഷി വകുപ്പിനും അറ്റോണി ജനറലിനും കോടതി നിര്‍ദേശം നല്‍കി.

അധിനിവേശത്തില്‍ പങ്കെടുക്കാന്‍ വേണ്ടത്ര സൈനികരെ ലഭിക്കാത്തതിനാല്‍ ഏപ്രിലിലാണ് മാനവശേഷി വകുപ്പ് ഡയറക്ടീവ്-77 ഇറക്കിയത്. സര്‍വീസിലുള്ള എല്ലാവരും അടുത്ത നാലുമാസം എപ്പോള്‍ വിളിച്ചാലും വരണമെന്നാണ് ഊ ഉത്തരവ് പറയുന്നത്. സര്‍വീസില്‍ കയറിയവര്‍ക്ക് മൂന്നുവര്‍ഷം കഴിഞ്ഞു മാത്രമേ പിരിഞ്ഞുപോവാന്‍ കഴിയൂ എന്നും ഈ ഉത്തരവിലുണ്ട്.

'അമ്മമാരെന്ന നിലയില്‍, ഞങ്ങള്‍ ഇനി ഞങ്ങളുടെ നേതാക്കളെയും കമാന്‍ഡര്‍മാരെയും വിശ്വസിക്കുന്നില്ല. വാഗ്ദാനങ്ങളല്ല, നീതിയാണ് ഞങ്ങള്‍ക്ക് വേണ്ടത്.'- മദര്‍ എവേക്കിന്റെ നേതാക്കളിലൊരാളായ അഡ്വ. ബത്യ കഹാന ഡ്രോര്‍ പറഞ്ഞു.


മോഷാവ് നെറ്റ്‌സാരിമില്‍ താമസിക്കുന്ന ബത്യ കഹാന-ഡ്രോര്‍ മത സയണിസ്റ്റാണ്. അവരുടെ നാലു മക്കളില്‍ രണ്ടു പേരും റിസര്‍വ് സൈനികരാണ്. ഒരാള്‍ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു. '' ഇസ്രായേലി സൈനികരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ ആളുകള്‍ മാനസികമായി തളര്‍ന്നു. ഫീല്‍ഡ് യൂണിറ്റുകളിലുടനീളമുള്ള അമ്മമാരില്‍ നിന്നും സൈനികരില്‍ നിന്നും നിരവധി സന്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ചില യൂണിറ്റുകള്‍ ആകെ തകര്‍ന്നുപോയിരിക്കുന്നു. വിശ്രമം ലഭിക്കാനായി സൈനികര്‍ സ്വയം മുറിവേല്‍പ്പിക്കുകയാണ്. മുറിവേറ്റവരെയും യുദ്ധത്തിന് അയക്കുന്നു. അല്ലാത്തവരെ ജയിലില്‍ അടക്കുന്നു.''- ബത്യ കഹാന-ഡ്രോര്‍ പറഞ്ഞു. ഗസയില്‍ സേവനമനുഷ്ഠിച്ച അഞ്ചു സൈനികരുടെ മൊഴികളും ഹരജിയുടെ ഭാഗമാണ്.

ഹൈസ്‌കൂള്‍ കഴിഞ്ഞയുടന്‍ തങ്ങളെ സൈന്യം റിക്രൂട്ട് ചെയ്‌തെന്ന് നിലവില്‍ 21 വയസുള്ള യൊനാത്തന്‍ എന്നയാള്‍ പറയുന്നു. ഗസയിലേക്കാണ് വിട്ടത്. ജബാലിയയില്‍ ഒരു വീട് പിടിക്കാന്‍ കമാന്‍ഡര്‍ പറഞ്ഞു. ആ വീട്ടില്‍ കയറിയപ്പോള്‍ സ്‌ഫോടനം നടന്നു. എന്റെ സുഹൃത്ത് അതില്‍ മരിച്ചു. അതിന് ശേഷം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞിട്ടില്ല. ഒരു ബുള്‍ഡോസറിന് കാവല്‍ നില്‍ക്കുന്നതില്‍ വീഴ്ച്ചവരുത്തിയതിന് തന്നെ 28 ദിവസം ജയിലില്‍ ഇട്ടെന്നും യൊനാത്തന്‍ പറഞ്ഞു.

തൂഫാനുല്‍ അഖ്‌സക്ക് ശേഷം ഗസയില്‍ യുദ്ധം ചെയ്യാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നവെന്ന് ഓമെര്‍ എന്ന സൈനികന്‍ പറഞ്ഞു. പക്ഷേ, ചെന്നതിന് ശേഷമാണ് യുദ്ധം എന്താണെന്ന് മനസിലായത്. കെട്ടിടങ്ങളില്‍ കയറാന്‍ കമാന്‍ഡര്‍മാര്‍ നിര്‍ബന്ധിക്കുകയാണ്. പല കെട്ടിടങ്ങളിലും ബോംബുകളുണ്ട്. അതൊന്നും അവര്‍ പരിഗണിക്കുന്നില്ലെന്നും ഓമെര്‍ പറഞ്ഞു.

ബെയ്ത്ത് ലാഹിയയില്‍ ഹമാസ് സംഘടിപ്പിച്ച ഒരു പതിയിരുന്നാക്രമണത്തില്‍ പെട്ട യെയര്‍ എന്ന സൈനികന്‍ പറയുന്നത് ഇങ്ങനെ: '' ഞങ്ങള്‍ പത്ത് സൈനികര്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് ഓഫീസറുടെ കരച്ചില്‍ കേട്ടത്. ഒരു ഭ്രാന്തനെ പോലെ അയാള്‍ ഓടിവന്നു. ഒരു വിധമാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. മാനസിക സമ്മര്‍ദ്ദം മൂലം മുടി കൊഴിഞ്ഞുപോയി.''-യെയര്‍ പറഞ്ഞു.

ഗസയില്‍ ചരിത്രമെഴുതുകയാണ് ചെയ്തിരുന്നതെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് യഹാലോം കോംപാറ്റ് എഞ്ചിനീയറിങ് യൂണിറ്റിലെ ഓറി പറയുന്നു. ഹമാസ് ബന്ദിയാക്കിയവരെ ഇസ്രായേലി സൈന്യം വ്യോമാക്രമണത്തില്‍ കൊല്ലുന്നു, ഞങ്ങളുടെ കൂടെയുള്ളവരെ ഫലസ്തീനികള്‍ കൊല്ലുന്നു എന്നൊക്കെ പിന്നീടാണ് തിരിച്ചറിയുന്നത്. ഈ യുദ്ധത്തില്‍ ഒന്നും നേടുന്നില്ല. പകരം നഷ്ടങ്ങള്‍ക്ക് മേലെ നഷ്ടങ്ങളുണ്ടാക്കുകയാണെന്നാണ് ഓറിയുടെ അഭിപ്രായം.