സോഷ്യല്‍ മീഡിയ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി; എക്‌സ് കോര്‍പറേഷന്റെ ഹരജി തള്ളി
ബെംഗളൂരു: സോഷ്യല്‍ മീഡിയ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന്റെ സഹയോഗ് പോര്‍ട്ടലിനും പോസ്റ്റുകള്‍ നീക്കം ചെയ്യുന്ന ഉത്തരവുകളെയും ചോദ്യം ചെയ്ത് എക്‌സ് കോര്‍പറേഷന്‍ നല്‍കിയ ഹരജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.'' ആശയങ്ങളുടെ ആധുനിക ആംഫിതിയേറ്റര്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയെ അരാജകത്വ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയില്‍ വിടാന്‍ കഴിയില്ല. ഈ മേഖലയിലെ വിവര നിയന്ത്രണം പുതുമയുള്ളതോ അതുല്യമോ അല്ല. യുഎസ് അതിനെ നിയന്ത്രിക്കുന്നു. ഓരോ പരമാധികാര രാഷ്ട്രവും അതിനെ നിയന്ത്രിക്കുന്നു. അതുപോലെ, ഇന്ത്യയുടെ തീരുമാനത്തെ നിയമവിരുദ്ധമായി മുദ്രകുത്താന്‍ കഴിയില്ല. സ്വാതന്ത്ര്യത്തിന്റെ മറവില്‍ അനിയന്ത്രിതമായ ആശയപ്രകടനം നിയമലംഘനത്തിനുള്ള ലൈസന്‍സായി മാറുന്നു. നിയന്ത്രണം ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമവാഴ്ച്ച എന്നിവയെ സംരക്ഷിക്കുന്നു. നിയമത്തെ ധിക്കരിച്ചുകൊണ്ടോ നിയമസാധുതയെ അവഗണിച്ചുകൊണ്ടോ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്ന ഒരു കളിസ്ഥലമായി ഇന്ത്യന്‍ വിപണിയെ കണക്കാക്കാന്‍ ആര്‍ക്കും കഴിയില്ല...സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം നിയന്ത്രിക്കേണ്ടതുണ്ട്, അതിന്റെ നിയന്ത്രണം അനിവാര്യമാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് ഒരു പൗരന്റെ ഭരണഘടന അനുശാസിക്കുന്ന അന്തസ്സിനുള്ള അവകാശം ലംഘിക്കപ്പെടുമ്പോള്‍. നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹമാണ് നമ്മള്‍. നമ്മുടെ രാജ്യത്തിന്റെ അധികാരപരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഓരോ പ്ലാറ്റ്ഫോമും അത് മനസിലാക്കണം.''-ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.