എം കെ ഫൈസിയുടെ അറസ്റ്റ് പ്രതിപക്ഷ വേട്ടയുടെ ഭാഗം: സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍

Update: 2025-03-08 12:32 GMT

തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ അന്യായ അറസ്റ്റ് പ്രതിപക്ഷ വേട്ടയുടെ ഭാഗമാണെന്ന് സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ മത നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എം കെ ഫൈസിയെ അറസ്റ്റുചെയ്ത ഇഡിയുടെ നടപടി ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ പ്രതിപക്ഷ വേട്ടയുടെ ഭാഗമാണ്. കഴിഞ്ഞ 11 വര്‍ഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും പ്രതിപക്ഷ നേതാക്കളെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് തുടരുകയാണ്. അതില്‍ ഒടുവിലത്തേത് മാത്രമാണ് എം കെ ഫൈസിയുടെ അറസ്റ്റ്. ഫൈസിയ്‌ക്കെതിരേ രണ്ടു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 5,297 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് 40 പേര്‍ മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ തന്നെ വ്യക്തമാക്കുന്നു.

132 രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം കേസെടുത്തു. ഇതില്‍ ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരളത്തില്‍ 13 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തു. കേസെടുത്താല്‍ മാത്രം പോരാ അത് തെളിയിക്കാന്‍ കഴിയണമെന്നാണ് ഇഡിയെ സുപ്രിം കോടതി പോലും താക്കീത് ചെയ്തത്. ഫൈസിയുടെ പേരിലുള്ള ആരോപണങ്ങളില്‍ കൂട്ടുപ്രതികളായി ഇഡി പറയുന്നവരെല്ലാം ഇതേ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ജാമ്യത്തിലാണ്. ജനാധിപത്യ സംവിധാനങ്ങളെയും ഭരണകൂട ഏജന്‍സികളെയും ഫാഷിസ്റ്റുകള്‍ അവരുടെ സങ്കുചിത സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണങ്ങളായി ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് ഇഡിയുടെ നടപടി. പ്രതിപക്ഷ നേതാക്കളെയും വിമര്‍ശന സ്വരങ്ങളെയും അടിച്ചമര്‍ത്താനും ഇല്ലാതാക്കാനുമുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശങ്ങള്‍ പോലും ലംഘിക്കുന്ന തരത്തിലാണ് ബിജെപി സര്‍ക്കാര്‍ നീങ്ങുന്നത്. ഇത് അപകടകരമാണ്. ഇതിനെതിരേ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ തയ്യാറാവണം. അധികാരത്തിന്റെ പിന്‍ബലത്തില്‍ നടത്തുന്ന പ്രതിപക്ഷ വേട്ട കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വച്ചവര്‍:

ഗ്രോ വാസു (എസ്ഡിടിയു)

എന്‍ പി ചെക്കുട്ടി( മാധ്യമ പ്രവര്‍ത്തകന്‍)

വി എം അലിയാര്‍ ഖാസിമി (ജനറല്‍ സെക്രട്ടറി ജം ഇയത്തുല്‍ ഉലമ ഹിന്ദ്)

ഖാലിദ് മൂസാ നദ്‌വി(ആക്ടിവിസ്റ്റ്)

റസാഖ് പാലേരി(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്)

കെ കെ റൈഹാനത്ത് ടീച്ചര്‍ ( ദേശീയ വൈസ് പ്രസിഡന്റ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ്)

മാവൂടി മുഹമ്മദ് ഹാജി (സംസ്ഥാന വൈസ് പ്രസിഡന്റ്, ജമാഅത്ത് കൗണ്‍സില്‍)

അഡ്വ . കെ പി മുഹമ്മദ് (ജനറല്‍ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍)

അംബിക (മറുവാക്ക്)

കെ പി ഒ റഹ്മത്തുള്ള( മാധ്യമ പ്രവര്‍ത്തകന്‍)

വിളയോടിശിവന്‍കുട്ടി(മനുഷ്യാവകാശ പ്രവര്‍ത്തകന്‍)

അഡ്വ. കെ രണദീപ് (അഭിഭാഷകന്‍)

അഡ്വ. മധുസൂദനന്‍ (മനുഷ്യാവകാശ പ്രവര്‍ത്തകന്‍)

അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (മനുഷ്യാവകാശ പ്രവര്‍ത്തകന്‍)

സുദേഷ് എം രഘു (ആക്ടിവിസ്റ്റ്)

വി.എ എം അഷറഫ് (എഴുത്തുകാരന്‍)

പ്രേം ബാബു (എഴുത്തുകാരന്‍)

സി എസ് മുരളി (ദലിത് ആക്ടിവിസ്റ്റ്)

ലൈല റഷീദ് (വനിത ആക്ടിവിസ്റ്റ്)

അമ്പിളി ഓമനക്കുട്ടന്‍ (സാമൂഹിക പ്രവര്‍ത്തക)

കെ കെ എസ് ചെറായി (അംബേദ്ക്കറിസ്റ്റ്)