കര്‍ണാടക അതിര്‍ത്തിയില്‍ അറവുശാല അടിച്ചു തകര്‍ത്തു; രണ്ട് സംഘപരിവാര പ്രവര്‍ത്തകര്‍ പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട് 40 സംഘപരിവാര പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലിസ് കേസെടുത്തു. കുഞ്ചത്തൂര്‍ മഹാലിങ്കേശ്വര സ്വദേശികളായ കെ ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു

Update: 2021-12-07 18:35 GMT

മഞ്ചേശ്വരം: കര്‍ണാടക അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാല സംഘടിച്ചെത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അറവുശാലക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 40 സംഘപരിവാര പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലിസ് കേസെടുത്തു. ഇതില്‍ കുഞ്ചത്തൂര്‍ മഹാലിങ്കേശ്വര സ്വദേശികളായ കെ ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റി. അറവുശാല ഉടമ ഉള്ളാള്‍ സ്വദേശി യു സി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെ നിര്‍ത്തിയിരുന്ന മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും അറവു മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തിട്ടുണ്ട്. 50 സെന്റ് ഭൂമിയില്‍ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസന്‍സിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തില്‍ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അറവു ശാല ഉടമ പറഞ്ഞു. ലൈസന്‍സിന് അപേക്ഷ കൊടുത്തു മാസങ്ങള്‍ കഴിഞ്ഞിട്ടും അനുമതി തരാതെ വൈകിപ്പിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ആരോപിക്കുന്നു. പശുവിന്റെ പേരിലുള്ള ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം കേരളത്തിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണിത്.

Tags:    

Similar News