ബിജെപി നേതാവ് അശോക് ചവാന്റെ കുടുംബത്തിലെ ആറ് സ്ഥാനാര്‍ത്ഥികളും തോറ്റു; കുടുംബ വാഴ്ചയുടെ പരാജയമെന്ന് കോണ്‍ഗ്രസ്

Update: 2025-12-22 07:03 GMT

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് അശോക് ചവാന്റെ കുടുംബത്തില്‍ നിന്നുള്ള ആറ് സ്ഥാനാര്‍ഥികളും തോറ്റു. നന്ദേഡിലെ ലോഹ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ചവാന്റെ ഭാര്യ ഗോദാവരി, സഹോദരന്‍ സച്ചിന്‍ സൂര്യവംശി, മരുമകള്‍ സുപ്രിയ രാജവംശി, സഹോദരന്റെ മകന്‍ യുവരാജ് വാഗ്മാരെ, ബന്ധുക്കളായ ഗജാനന്‍ സൂര്യവംശി, റീന വ്യവഹാരെ എന്നിവര്‍ മല്‍സരിച്ചത്. എന്നാല്‍, ത്രികോണമല്‍സരത്തില്‍ ഇവരെല്ലാം പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത് എംപി കൂടിയായ അശോക് ചവാനായിരുന്നു. ബിജെപിയിലെ കുടുംബവാഴ്ചയാണ് പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. '' ബിജെപിയുടെ സ്വജനപക്ഷപാതത്തിന് തിരിച്ചടിയാണ് ഈ ഫലം. പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടായിട്ടും ബിജെപി നേതാക്കള്‍ തിരുത്തലിന് തയ്യാറായില്ല. കോണ്‍ഗ്രസില്‍ കുടുംബ ഭരണമാണെന്ന് പറയുന്നവരാണ് ബിജെപിക്കാര്‍. നന്ദേഡില്‍ അവര്‍ അതേ കാര്‍ഡ് കളിച്ചു. പക്ഷേ, ജനങ്ങള്‍ അവരെ പുറത്താക്കി.''-കോണ്‍ഗ്രസ് വക്താവ് ഗോപാല്‍ തിവാരി പറഞ്ഞു.