രാമകൃഷ്ണ മിഷന്‍ സ്‌കൂള്‍ നിര്‍മാണം; മേഘാലയയിലെ ഗ്രാമത്തില്‍ സംഘര്‍ഷം, കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഷില്ലോങ്: മേഘാലയ സംസ്ഥാനത്തെ മൗകിന്ര്യൂ ഗ്രാമത്തില്‍ രാമകൃഷ്ണ മിഷന്‍ സ്‌കൂള്‍ നിര്‍മിക്കുന്നതിനെതിരെ വന്‍പ്രതിഷേധം. ഗ്രാമവാസികളുടെ അറിവും സമ്മതവുമില്ലാതെ സ്‌കൂള്‍ നിര്‍മിക്കുന്നുവെന്നാരോപിച്ച് നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ നാലു വനിതാപോലിസുകാര്‍ അടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം തുടങ്ങിയ സ്‌കൂള്‍ കെട്ടിടം നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലാ മജിസ്‌ട്രേറ്റ് റോസെറ്റ മേരി കുര്‍ബാ അറിയിച്ചു.
മൗകിന്ര്യൂ ഗ്രാമത്തില്‍ രാമകൃഷ്ണ മിഷന്‍ സ്‌കൂള്‍ നിര്‍മിക്കാന്‍ വില്ലേജ് കൗണ്‍സില്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്താണ് മൗകിന്ര്യൂ, മൗലിന്‍ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള 250 പേര്‍ പ്രതിഷേധിക്കാനെത്തിയത്. നിര്‍ദിഷ്ട ഭൂമി പ്രാദേശികനിയമപ്രകാരം ഈ രണ്ടുഗ്രാമങ്ങളുടെയും പൊതുസ്വത്താണ്. മൗകിന്ര്യൂ സ്‌പോര്‍ട്ട്‌സ് ക്ലബ് നിര്‍മിക്കാന്‍ വകയിരുത്തിയ സ്ഥലത്ത് സ്‌കൂള്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇരുഗ്രാമങ്ങളില്‍ നിന്നുള്ളവരും പറഞ്ഞതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ അറിവും അനുമതിയും ഇല്ലാതെയാണ് വില്ലേജ് കൗണ്‍സില്‍ നടപടിയെന്നും ഇവര്‍ ആരോപിച്ചു.
പ്രതിഷേധം തുടങ്ങി അല്‍പ്പസമയത്തിന് അകം അക്രമാസക്തമായെന്നും പോലിസ് ലാത്തി ചാര്‍ജ് നടത്തിയിട്ടും കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സംഘര്‍ഷാവസ്ഥയില്‍ അയവുണ്ടായില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെയില്‍ ചിലര്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ത്തു. പ്രദേശത്ത് അധികമായി ഒരു പ്ലാറ്റൂണ്‍ പോലിസിനെ വിന്യസിച്ചതായി ഈസ്റ്റ് ഖാസി ഹില്‍സ് സൂപ്രണ്ട് വിവേക് സ്യെയിം പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കാന്‍ സ്ഥലം എംഎല്‍എ ബാന്റൈഡോര്‍ ലിങ്‌ദോ തയ്യാറായില്ല. വിഷയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനവും റദ്ദാക്കി.
