സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സ് അടക്കം ആറു രാജ്യങ്ങള്‍

Update: 2025-09-23 03:12 GMT

ന്യൂയോര്‍ക്ക്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സ് അടക്കം ആറു രാജ്യങ്ങള്‍. യുഎസിലെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രയുടെ പ്രത്യേക സമ്മേളനത്തിലാണ് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചത്. ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാക്കോ, അന്‍ഡോറ എന്നീ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രാന്‍സും സൗദി അറേബ്യയും സംയുക്തമായാണ് യുഎന്‍ സമ്മേളനം വിളിച്ചത്. ദ്വിരാഷ്ട്ര പരിഹാരം വൈകിയെന്നും സംഘര്‍ഷം അവസാനിപ്പിക്കാനാണ് സമ്മേളനം വിളിച്ചതെന്നും മാക്രോണ്‍ പറഞ്ഞു. നിലവില്‍ 193 യുഎന്‍ അംഗരാജ്യങ്ങളില്‍ 147 പേരും ഫലസ്തീനെ അംഗീകരിക്കുന്നവരാണ്. എന്നാല്‍ പുതിയ യുഎന്‍ അംഗരാജ്യത്തിന് പൂര്‍ണരാഷ്ട്ര പദവി ലഭിക്കാന്‍ യുഎന്‍ സുരക്ഷാ സമിതിയുടെ പിന്തുണ വേണം. എന്നാല്‍, യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസിന് വീറ്റോ അധികാരമുള്ളതാണ് ഫലസ്തീന്‍ നേരിടുന്ന പ്രശ്‌നം. ഫലസ്തീന് എതിരെ നിരവധി തവണ വീറ്റോ അധികാരം യുഎസ് ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് സിംഗപൂര്‍ അറിയിച്ചു.