ഇസ്രായേലുമായി സൈനികമായി സഹകരിച്ച് ആറ് അറബ് രാജ്യങ്ങള്‍; വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത് (VIDEO)
ഗസയിലെ വംശഹത്യക്കാലത്തും
ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ച അറബ് രാജ്യങ്ങള്‍ അണിയറയില്‍ ഇസ്രായേലുമായി സൈനികമായി സഹകരിച്ചെന്ന് യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. യുഎസ് സര്‍ക്കാരില്‍ നിന്നും ചോര്‍ന്ന രേഖകളെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് 2022 മുതല്‍ ഇസ്രായേലി-അറബ് സഖ്യം ശക്തമാവാന്‍ തുടങ്ങിയതെന്ന് റിപോര്‍ട്ട് പറയുന്നു. സഖ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി യുഎസ്, ഇസ്രായേലി, അറബ് സൈനിക ഉദ്യോഗസ്ഥര്‍ നാലു രാജ്യങ്ങളില്‍ യോഗം ചേര്‍ന്നു. ബഹ്‌റൈന്‍, ജോര്‍ദാന്‍, ഖത്തര്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് യോഗങ്ങള്‍ നടന്നത്.
2024 മേയില്‍ മുതിര്‍ന്ന ഇസ്രായേലി, അറബ് സൈനിക ഉദ്യോഗസ്ഥര്‍ ഖത്തറിലെ യുഎസിന്റെ അല്‍ ഉദൈദ് സൈനികതാവളത്തില്‍ യോഗം ചേര്‍ന്നു. ഇസ്രായേലി പ്രതിനിധി സംഘം ഖത്തറിലെ സിവിലിയന്‍ വിമാനത്താവളം ഉപയോഗിക്കരുതെന്ന് യോഗത്തിന് മുമ്പേ തീരുമാനമായിരുന്നു. അതിനാല്‍, അവര്‍ അല്‍ ഉദൈദ് സൈനികത്താവളത്തില്‍ നേരിട്ടെത്തി. ഇറാനെയും സഖ്യകക്ഷികളെയും മുഖ്യശത്രുക്കളായി അവതരിപ്പിക്കുന്ന രേഖ, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. റീജ്യണല്‍ സെക്യൂരിറ്റി കണ്‍സ്ട്രക്റ്റ് എന്നാണ് പദ്ധതിയുടെ പേര്. യോഗത്തിന്റെ റിപോര്‍ട്ടും രേഖകളും കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൈമാറാനും തീരുമാനിച്ചു. കൂടാതെ ഈ വിവരങ്ങളെല്ലാം ആസ്േ്രതലിയ, കാനഡ, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫൈവ് ഐസ് എന്നറിയപ്പെടുന്ന സഖ്യത്തിനും കൈമാറും.
ജനുവരിയില്‍ യുഎസിലെ കെന്റക്കിയിലെ യുഎസ് സൈന്യത്തിന്റെ രഹസ്യ ക്യാംപില്‍ ടണല്‍ യുദ്ധത്തില്‍ പ്രത്യേക പരിശീലനം നടന്നു. ടണലുകള്‍ തകര്‍ക്കാനും അവിടെ പരിശീലനം നല്‍കി. ആറു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഈ രാജ്യങ്ങള്‍ ഏതൊക്കെയെന്ന കാര്യം അതീവരഹസ്യമാണ്.
2025 ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെയും പ്രത്യേകയോഗം നടന്നു. ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും നേരിടാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൊതുവായി ഉപയോഗിക്കാന്‍ അറബ് രാജ്യങ്ങള്‍ ഈ യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍, സെപ്റ്റംബറില്‍ മറ്റൊരു യോഗം നടന്നു. ഇസ്രായേല്‍ ദോഹയില്‍ ആക്രമണം നടത്തിയപ്പോള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്ന് ഈ യോഗത്തില്‍ ഖത്തര്‍ ചൂണ്ടിക്കാട്ടി. യുഎസോ അവരുടെ റഡാര്‍ സംവിധാനങ്ങളോ തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പുകള്‍ നല്‍കിയില്ലെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി.
ഇസ്രായേലി യുദ്ധവിമാനങ്ങള്‍ അയച്ച മിസൈലുകളെ തടയാന്‍ പോലും ശ്രമം നടന്നില്ലെന്നും ഖത്തര്‍ പറഞ്ഞു. എന്നാല്‍, ഇറാനില്‍ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും നേരിടാനാവുന്ന രീതിയിലാണ് ഈ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് യുഎസ് ഇതിന് വിശദീകരണം നല്‍കിയത്. ഇക്കാര്യം യുഎസ് എയര്‍ഫോഴ്‌സിലെ ലഫ്റ്റനന്റ് ജനറല്‍ ഡെറിക്് ഫ്രാന്‍സ് പറഞ്ഞു. എന്തായാലും എല്ലാവരും കൂടി സംയുക്ത മിഡില്‍ ഈസ്റ്റ് സൈബര്‍ സെന്ററും ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്ററും സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഫലസ്തീന് ഇറാന്‍ പിന്തുണയും സംരക്ഷണവും നല്‍കുന്നുവെന്ന പൊതുജനാഭിപ്രായത്തെ മറികടക്കാന്‍ വേണ്ട പ്രചാരണങ്ങള്‍ നടത്തണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ നിര്‍ദേശിച്ചു.

