ലേബര്‍ കോഡ് പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 19-ന് ലേബര്‍ കോണ്‍ക്ലേവ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലേയും മന്ത്രിമാരെ ക്ഷണിക്കും. കോണ്‍ക്ലേവ് നാല് സെഷനുകളിലായിട്ട് നടക്കും. ലേബര്‍ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതില്‍ ഇടപെടാന്‍ സാധിക്കും തുടങ്ങിയ ചര്‍ച്ചകള്‍ കോണ്‍ക്ലേവില്‍ നടക്കും. വിഷയത്തില്‍ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
''കഴിഞ്ഞ ദിവസം കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം ഉണ്ടായിരുന്നു. ചില സ്ഥാപനങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് നോട്ടീസ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടു. ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തു, കറുത്ത ബാഡ്ജ് ധരിച്ചു എന്നതിന്റെ പേരില്‍ കേരളത്തില്‍ ഒരു തൊഴിലാളിയുടെ പേരിലും നടപടി സ്വീകരിക്കാന്‍ അനുവദിക്കില്ല. തൊഴിലാളികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.