ബംഗളൂരു: ബിജെപി എംഎല്‍എ മുനിരത്‌ന പ്രതിയായ കൂട്ടബലാല്‍സംഗക്കേസ് പ്രത്യേക പോലിസ് സംഘം അന്വേഷിക്കും. കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പീഡനക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലിസ് സംഘത്തിന് ഈ കേസും കൈമാറി.
ബിജെപി പ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്നാണ് രാജരാജേശ്വരി നഗര്‍ എംഎല്‍എഎ മുനിരത്‌ന, വാസന്ത, ചെന്നകേശവ, കമല്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. 40 വയസുള്ള ബിജെപി പ്രവര്‍ത്തകയെ 2023 ജൂണ്‍ പതിനൊന്നിന് എംഎല്‍എയുടെ ഓഫിസില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
വാസന്തയും കമലും ചേര്‍ന്ന് ഒരു എസ്‌യുവിയില്‍ തന്നെ കൂട്ടിക്കൊണ്ടുപോയി എംഎല്‍എയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. ''മുനിരത്‌ന, വാസന്ത, ചെന്നകേശവ എന്നിവര്‍ എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും സഹകരിച്ചില്ലെങ്കില്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മുനിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. ഇതു കണ്ടു നിന്ന എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു,''പരാതി പറയുന്നു. അജ്ഞാതനായ ഒരാള്‍ മുറിയിലേക്ക് വന്ന് മുനിരത്‌നയ്ക്ക് ഒരു പെട്ടി കൈമാറിയെന്നും ഇതിനു പിന്നാലെ, എംഎല്‍എ തന്നെ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുകയും സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായും പരാതി പറയുന്നു. മെയ് 19ന് ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് യുവതി പരാതി നല്‍കിയത്.
സിനിമാ നിര്‍മ്മാതാവില്‍നിന്ന് രാഷ്ട്രീയക്കാരനായ വ്യക്തിയാണ് മുനിരത്‌ന. കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍നിന്ന് നാല് തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിലവില്‍ ആ മണ്ഡലത്തിലെ എംഎല്‍എയാണ്.