രാഹുലിനെതിരായ രണ്ടുകേസുകളും എസ്‌ഐടിക്ക്

Update: 2025-12-12 03:54 GMT

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസും പ്രത്യേക പോലിസ് സംഘം അന്വേഷിക്കും. ഇതോടെ തിരുവനന്തപുരം സ്വദേശിനിയായ പരാതിക്കാരി നല്‍കിയ കേസിലെ അന്വേഷണവും ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും നടത്തുക. ഈ കേസിലെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഈ മാസം 15ന് ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. രണ്ടാം കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി തന്നെ രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കി. പരാതിയില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ഈ പശ്ചാത്തലത്തില്‍ അന്വേഷണം ശക്തമായി മുന്നോട്ടു കൊണ്ടുപോവണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനിടെ, രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതിന് പിന്നാലെ രാത്രി 11 മണിയോടെയാണ് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.രാജീവിനെ പറവൂരിലെ വീട്ടിലെത്തി കണ്ടത്.

അതേസമയം, പാലക്കാട്ടെ ഫ് ളാറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിയേണ്ടി വരും. മറ്റു താമസക്കാര്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഫ് ളാറ്റ് അസോസിയേഷന്‍ രാഹുലിന് നോട്ടിസ് നല്‍കി. ഈ മാസം 25നകം ഒഴിയണമെന്നാണ് നിര്‍ദേശം. ഉടന്‍ ഒഴിയാമെന്ന് രാഹുല്‍ അറിയിച്ചതായും വിവരമുണ്ട്.