മദ്യപാനത്തിനിടെ വഴക്ക്, സഹോദരീഭര്‍ത്താവിനെ ജനലിലൂടെ കുത്തിക്കൊന്നു

Update: 2025-11-23 15:35 GMT

കോതമംഗലം: മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ സഹോദരീഭര്‍ത്താവിനെ കുത്തിക്കൊന്നു. ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജന്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ തൊഴുത്തിങ്കല്‍ സുകുമാരനെ (68) പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വോട്ട് അഭ്യര്‍ഥിച്ചെത്തിയവരാണ് ജനലിലൂടെ രാജന്റെ മൃതദേഹം കണ്ടത്. വീടിന്റെ വാതില്‍ അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നു. രാത്രി ജനലിലൂടെ കൈയ്യിട്ട് രാജന്റെ വയറ്റില്‍ കത്തിക്കു കുത്തുകയായിരുന്നു എന്നാണ് നിഗമനം. വയര്‍ തുളഞ്ഞു കത്തി പിന്‍ഭാഗത്തെത്തി. രക്തം വാര്‍ന്നാണു മരണം. ഭാര്യയും മകളുമായി പിണങ്ങി രാജന്‍ ഒറ്റയ്ക്കാണു വീട്ടില്‍ താമസിച്ചിരുന്നത്. രാജന്റെ വീടിനു സമീപമാണ് സുകുമാരന്റെ വീട്. ഇരുവരും ചേര്‍ന്നു മദ്യപാനം പതിവായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു. രാത്രിയാണു കുത്തേറ്റത്. സുകുമാരനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.