എസ്‌ഐആര്‍ സമയക്രമം മാറ്റില്ല, കരട് പട്ടിക ഡിസംബര്‍ 9ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്‌ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടണമെന്ന ആവശ്യം ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ഉന്നയിച്ചു. ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തിന് കാരണം ജോലി സമ്മര്‍ദ്ദമാണെന്ന് സിപിഎം യോഗത്തില്‍ ആരോപിച്ചു. സമയക്രമം മാറ്റിയില്ലെങ്കില്‍ ഒരുപാടുപേര്‍ പട്ടികയ്ക്ക് പുറത്താകുമെന്ന് കോണ്‍ഗ്രസും പൗരത്വം വച്ചാണ് കമ്മീഷന്‍ കളിക്കുന്നതെന്ന് ലീഗും വിമര്‍ശിച്ചു. ബിഎല്‍ഒമാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന പാര്‍ട്ടികളുടെ വിമര്‍ശനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. എസ്‌ഐആര്‍ നീട്ടണമെന്ന ആവശ്യത്തില്‍ യോഗത്തില്‍ പ്രതികരിച്ചില്ലെങ്കിലും സമയക്രമം മാറ്റില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. ബിഎല്‍ഒമാരുടെ പരിശീലനക്കുറവ് പരിഹരിക്കുമെന്നും പ്രവാസി വോട്ടര്‍മാരുടെ ആശങ്ക അകറ്റാന്‍ യോഗം വിളിക്കണമെന്ന് നോര്‍ക്കയോട് വീണ്ടും ആവശ്യപ്പെടുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.