എസ്‌ഐആര്‍: അപ്രത്യക്ഷരായ ആറരലക്ഷം വോട്ടര്‍മാരുടെ കാര്യത്തില്‍ ദുരൂഹത

Update: 2025-12-27 01:14 GMT

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ക്കിടെ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് സാധിക്കാതിരുന്ന 6.5 ലക്ഷം വോട്ടര്‍മാരുടെ കാര്യത്തില്‍ ദുരൂഹത. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉണ്ടായിരുന്ന 2.78 കോടി വോട്ടര്‍മാരില്‍ 2.3% വരുന്ന ഇവര്‍ ആരാണെന്ന് വിശദീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സാധിക്കുന്നില്ല. സ്ഥലത്തില്ലാത്തവരുടെയും സ്ഥലംമാറിപ്പോയവരുടെയും മരിച്ചവരുടെയും പട്ടിക സംസ്ഥാനതലത്തിലാണു പ്രസിദ്ധീകരിച്ചത്. ഒഴിവാക്കിയവരുടെ ബൂത്ത്തലത്തില്‍ തയാറാക്കിയ പട്ടിക മാത്രമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറിയതും കമ്മിഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയതും. വിശദമായ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാനും കമ്മീഷന്‍ തയ്യാറായില്ല. തിരുവനന്തപുരത്ത് ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നത് ഒന്നരലക്ഷം പേരെയാണ്. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി ഒഴിവാക്കപ്പെട്ട 4.07 ലക്ഷം പേരില്‍ ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനാകാതെ പോയവര്‍ ഒന്നര ലക്ഷത്തിലേറെയാണ്. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഇരുപതിനായിരത്തിലേറെ വീതം വോട്ടര്‍മാരാണ് അപ്രത്യക്ഷമായത്.