എസ്ഐആര്‍: കരട് വോട്ടര്‍പട്ടിക നാളെ, സമയം നീട്ടണമെന്ന് പാര്‍ട്ടികള്‍

Update: 2025-12-22 01:49 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആറിന്റെ പ്രധാനഘട്ടം ചൊവ്വാഴ്ച തീരും. കരട് വോട്ടര്‍പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. എന്നാല്‍, സമയം നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കുകൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം. അവധിക്കെത്തുന്ന ഇവരില്‍ നല്ലൊരുശതമാനവും 'കണ്ടെത്താന്‍ സാധിക്കാത്ത'വര്‍ ഉള്‍പ്പെട്ട എഎസ്ഡി പട്ടികയിലാണ്. ഇവര്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താകാതിരിക്കാന്‍ സമയം നീട്ടണമെന്നാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികളുടെ ആവശ്യം.

24.08 ലക്ഷം പേരാണ് നിലവില്‍ എഎസ്ഡി പട്ടികയിലുള്ളത്. ഇതില്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍ 6,45,548 പേരാണ്. കമ്മിഷന്റെ കണക്കിലുള്ള കണ്ടെത്താനാവാത്ത പലരും നാട്ടില്‍ത്തന്നെയുണ്ടെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പറയുന്നു. ഇവര്‍ക്ക് പേരുചേര്‍ക്കണമെങ്കില്‍ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇതിലെ തുടര്‍നടപടികള്‍ക്കും എഎസ്ഡി പട്ടികയില്‍ അല്ലാത്ത പുതിയ വോട്ടര്‍മാരുടെ ഹിയറിങ്ങിനും നിലവിലെ സമയം തികയില്ല. അതിനാല്‍, കൂടുതല്‍സമയം വേണമെന്നാണ് സര്‍ക്കാരിന്റെയും ആവശ്യം. 2025 സെപ്റ്റംബറില്‍ പുതുക്കിയ പട്ടികയിലുള്ള അര്‍ഹരായ ഒരാള്‍പോലും എസ്ഐആര്‍ പട്ടികയില്‍നിന്ന് പുറത്താകില്ലെന്ന് തിരഞ്ഞെടുപ്പുകമ്മിഷന്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

നാളെമുതല്‍ പേരുചേര്‍ക്കാം

എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്ക് ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ ഫോം ആറില്‍ അപേക്ഷിക്കാം. ഡിക്ലറേഷനും നല്‍കണം. പുതിയതായി പേരുചേര്‍ക്കാന്‍ ഫോറം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. മരണം, താമസംമാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റുതിരുത്തലുകള്‍ക്കും ഫോറം എട്ടിലും അപേക്ഷിക്കണം. ഫോറങ്ങള്‍ https://voters.eci.gov.in എന്ന ലിങ്കില്‍ കിട്ടും.കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ഇതിലും പരാതിയുണ്ടെങ്കില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.

എന്യൂമറേഷന്‍ ഫോറങ്ങളിലെ തീരുമാനവും പരാതി തീര്‍പ്പാക്കലും ഡിസംബര്‍ 23 മുതല്‍ ഫെബ്രുവരി 14 വരെയാണ്. ഫെബ്രുവരി 21-ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.