തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. എസ്ഐആറില്‍ കേരളത്തില്‍നിന്ന് എത്രപേര്‍ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താകുമെന്ന് ഇന്ന് അറിയാം. അന്തിമപ്പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. ഇപ്പോള്‍ കണക്കാക്കിയതിന്റെ ഇരട്ടിവോട്ടര്‍മാരെങ്കിലും പട്ടികയില്‍നിന്ന് പുറത്താകുമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആശങ്ക. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ, സംസ്ഥാനത്ത് എസ്ഐആറിന്റെ ഒന്നാംഘട്ടം അവസാനിക്കും. എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്ക് ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ ഫോറം ആറില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കാം. ഡിക്ലറേഷനും നല്‍കണം.
ഒഴിവാക്കപ്പെടുന്നവരുടെ കണക്ക്(ഡിസംബര്‍ 20 വരെ )
മരിച്ചവര്‍-6,49,885(2.33%)
കണ്ടെത്താന്‍ സാധിക്കാത്തവര്‍-6,45,548(2.32%)
സ്ഥിരമായി താമസം മാറിയവര്‍-8,16,221(2.93%)
ഒന്നില്‍ക്കൂടുതല്‍ പട്ടികയിലുള്ളവര്‍-1,36,029(0.49%)
മറ്റുള്ളവര്‍(എന്യൂമറേഷന്‍ഫോറം തിരികെ നല്‍കാന്‍ വിസമ്മതിച്ചവര്‍)-1,60,830(0.58%)
ആകെ-24,08,503(8.65%)