മുസ്‌ലിം പള്ളിക്ക് സ്ഥലം വിട്ടുനല്‍കി സിഖ് വയോധിക

Update: 2025-12-28 03:50 GMT

അമൃത്‌സര്‍: പഞ്ചാബിലെ ഫതഹ്ഗഡ് സാഹിബ് ജില്ലയില്‍ മുസ്‌ലിം പള്ളിക്ക് സ്ഥലം വിട്ടുനല്‍കി സിഖ് വയോധിക. ജാഖ് വാലി ഗ്രാമത്തിലെ ബീബി രജീന്ദര്‍ കൗറാണ് സ്ഥലം നല്‍കിയത്. പള്ളി നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കാന്‍ ഗ്രാമത്തിലെ സിഖുകാരും മുസ്‌ലിംകളും തീരുമാനിച്ചു. ജാഖ്‌വാലി ഗ്രാമത്തില്‍ 500ഓളം സിഖ് കുടുംബങ്ങളും 150 ഹിന്ദു കുടുംബങ്ങളും 100 മുസ്‌ലിം കുടുംബങ്ങളുമാണുള്ളത്. സിഖ് ഗുരുദ്വാരകള്‍ക്ക് പുറമെ ഒരു ശിവക്ഷേത്രം മാത്രമാണ് ഗ്രാമത്തിലുള്ളത്. പ്രദേശത്തെ മുസ്‌ലിംകള്‍ നിസ്‌കരിക്കാനായി മറ്റു ഗ്രാമങ്ങളിലെ പള്ളികളെയാണ് സാധാരണയായി ആശ്രയിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ബീബി രജീന്ദര്‍ കൗര്‍ 1,360 ചതുരശ്ര അടി സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് ചെറുമകന്‍ സത്‌നാം സിംഗ് പറഞ്ഞു. '' കുടുംബത്തിലാണ് ആദ്യം ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഞങ്ങളുടെ പാടത്തിന്റെ ഒരുവശം വിട്ടുനല്‍കാന്‍ ധാരണയായി. പള്ളി പണിയാന്‍ ആ സ്ഥലം മതിയാവുമോ എന്ന് മുസ്‌ലിംകളോട് ചോദിച്ചു. സ്ഥലം നല്ലതാണെന്ന് അവര്‍ പറഞ്ഞു. പിന്നെ സ്ഥലം മുസ്‌ലിം കമ്മിറ്റിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കി.''-സത്‌നം സിംഗ് വിശദീകരിച്ചു.

പ്രദേശത്ത് ക്ഷേത്രം നിര്‍മിക്കുന്ന സമയത്ത് മുസ്‌ലിംകളും സിഖുകാരും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പ്രദേശത്തെ രാഷ്ട്രീയ നേതാവായ അജെയ്ബ് സിംഗ് പറഞ്ഞു. ഭൂമി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കമ്മിറ്റി പ്രസിഡന്റ് കാല ഖാന്‍ പറഞ്ഞു. 2026 ഫെബ്രുവരിയില്‍ പള്ളി നിര്‍മാണം പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ശാഹി ഇമാം മൗലാനാ മുഹമ്മദ് ഉസ്മാന്‍ റഹ്‌മാനി ലുധിയാന്‍വിയാണ് പള്ളിക്ക് തറക്കല്ലിട്ടത്. എല്ലാ സമുദായങ്ങളും കൂടി മൂന്നരലക്ഷം രൂപയാണ് പള്ളിക്കായി ചെലവഴിക്കുന്നത്. ബാക്കി തുക കണ്ടെത്താനും തീരുമാനമായി.