ദലിത് യുവതിയെ പോലിസ് കള്ളക്കേസില്‍ കുടുക്കിയ സംഭവം; ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുജോലിക്കാരിയായ ദലിത് യുവതിയെ പോലിസ് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി/ അസി. കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത പോലിസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടിരിക്കുന്നത്.
ജില്ലാ പോലിസ് മേധാവി സൗത്ത് സോണ്‍ ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ദലിത് യുവതിയായ ബിന്ദുവിന്റെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ വനിതാ അഭിഭാഷകയെ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. ഇര പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് സ്‌റ്റേഷനിലുള്ള സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ജനറല്‍ ഡയറി, എഫ്‌ഐആര്‍ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്‌റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണം. മോഷണക്കേസിലെടുത്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിന് ഡിവൈഎസ്പി/ അസി. കമ്മീഷണര്‍ക്ക് കൈമാറണം. ഇര പട്ടികജാതി വിഭാഗത്തിലുള്ളതിനാല്‍ എസ്‌സി/ എസ്ടി അതിക്രമ നിയമപ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിലയിരുത്തണം. അങ്ങനെ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെന്‍ നമ്പര്‍, ഔദ്യോഗിക/ താമസ സ്ഥലം മേല്‍വിലാസങ്ങള്‍ എന്നിവ കമ്മീഷനെ അറിയിക്കണം.
ഇരയുടെ മേല്‍വിലാസം കമ്മീഷനെ അറിയിക്കണം. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം ജില്ലാ പോലിസ് മേധാവിക്ക് കൈമാറണം. ജില്ലാ പോലിസ് മേധാവി തന്റെ വിലയിരുത്തല്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ഒരു മാസത്തിനകം കമ്മീഷന് സമര്‍പ്പിക്കണം. ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം.
