കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് വ്യാപകമാണെന്ന പ്രചാരണത്തെ എതിര്‍ക്കണം: മുഖ്യമന്ത്രി

മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ എഴുതിയ 'കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2024-10-26 11:25 GMT

കണ്ണൂര്‍: കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് വ്യാപകമാണെന്ന പ്രചാരണത്തെ എതിര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രചാരണം സത്യമല്ല. കേരളത്തില്‍ ഏതുവിധേനയും ഇടപെടണമെന്ന് ആഗ്രഹിക്കുന്ന കേന്ദ്രസര്‍ക്കാരിന് ആയുധം കൊടുക്കുന്ന നടപടിയാണ് മറിച്ചുള്ള പ്രചാരണങ്ങള്‍. സംഘപരിവാരത്തിന് ജനപിന്തുണ ഉറപ്പിക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ എഴുതിയ 'കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയേയും ഒരേ കണ്ണട കൊണ്ട് കാണുന്നത് ശരിയല്ല. ജമാഅത്തെ ഇസ്‌ലാമി മതസാമ്രാജ്യത്വ സ്വഭാവമുള്ള സംഘടനയാണ്. ഇസ്‌ലാമിക രാജ്യമാണ് അതിന്റെ ലക്ഷ്യം. മുസ്‌ലിം ലീഗ് ഒരു നവോത്ഥാന സംഘടനയാണ്. മുസ്‌ലിംകളുടെ വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കാണ് ലീഗ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, കേരളത്തെ ഖലീഫമാരുടെ കാലത്തേക്ക് കൊണ്ടു പോവണമെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി.

ലീഗിന് ഇന്ത്യക്ക് പുറത്ത് സഖ്യങ്ങളില്ല. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമി യെമനിലെയും ഈജിപ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും ഫലസ്തീനിലെയും തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്നവരാണ്. ഇങ്ങനെയാണെങ്കിലും ലീഗ് ചെയ്യുന്ന അവരാതങ്ങള്‍ കാണാതിരുന്നു കൂടാ. വര്‍ഗീയ സംഘടനകള്‍ക്കൊപ്പം നിന്ന് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുകയാണ്.

ആര്‍എസ്എസിന്റെ ഇസ്‌ലാം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി. ഇരുകൂട്ടരുടെ ആഗ്രഹങ്ങള്‍ പൊളിച്ചാണ് ഇന്ത്യ മതേതര റിപ്പബ്ലിക്കായത്. ദേശീയതയെ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നില്ല, ഇസ്‌ലാമിക സാര്‍വ്വദേശിയതയാണ് അവരുടെ ലക്ഷ്യം. ആദ്യം ജനങ്ങളെ മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുക. പിന്നീട് ഇസ്‌ലാമിക രാജ്യങ്ങളെ ഉപയോഗിച്ച് ഇസ്‌ലാമിക ലോകം സ്ഥാപിക്കുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. ഇതില്‍ ആദ്യത്തെ കാര്യത്തോട് ലീഗിന് താല്‍പര്യമാണ്.

പി ജയരാജന്റെ പുസ്തകത്തിലെ എല്ലാ പരാമര്‍ശങ്ങളും താന്‍ പങ്കുവയ്ക്കുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പുസ്തകം എഴുതിയ വ്യക്തിക്ക് സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടാവും. അതേ ആശയങ്ങള്‍ പുസ്തകം പ്രകാശനം ചെയ്യുന്നവര്‍ക്ക് ഉണ്ടാവണമെന്നില്ലെന്നും പിണറായി കൂട്ടിചേര്‍ത്തു.

Tags: