ധുബ്രിയില്‍ ദുര്‍ഗാപൂജ വരെ 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ് തുടരുമെന്ന് അസം മുഖ്യമന്ത്രി
ധുബ്രി: വര്‍ഗീയസംഘര്‍ഷം നടന്ന ധുബ്രി പ്രദേശത്ത് ദുര്‍ഗാപൂജ വരെ കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള ഉത്തരവ് തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. ഒക്ടോബര്‍ രണ്ടുവരെയാണ് ഈ ഉത്തരവ് തുടരുക. ജൂണ്‍ 13നാണ് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ധുബ്രയില്‍ സംഘര്‍ഷമുണ്ടായത്. ഒരു ക്ഷേത്രത്തിലേക്ക് ആരോ മാംസം വലിച്ചെറിഞ്ഞുവെന്ന പ്രചാരണമാണ് വ്യാപകമായ ആക്രമണങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഗുവാഹത്തി ഹൈക്കോടതിയിലെ അഭിഭാഷകനായ ഇല്യാസ് അഹമദ് ചോദ്യം ചെയ്തു. ഉത്തരവ് നീട്ടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയാണ് ഉദ്ദേശ്യമെങ്കില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടിയിരുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ദുര്‍ഗാപൂജ എല്ലാ കാലത്തും സമാധാനമായാണ് ധുബ്രിയില്‍ നടന്നതെന്നും എന്തിനാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവെന്നും ഇത്തിഹാദ് ഫ്രണ്ട് മേധാവി നാരുല്‍ ഇസ്‌ലാം ചോദിച്ചു.