മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നുവെന്നത് പിസി ജോര്‍ജിന്റെ അഭിപ്രായമാണെന്ന് ഷോണ്‍ ജോര്‍ജ്
കോട്ടയം: മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നുവെന്നത് പിസി ജോര്‍ജിന്റെ അഭിപ്രായമാണെന്ന് ഷോണ്‍ ജോര്‍ജ്. അങ്ങനെ താല്‍പര്യമുള്ള മെത്രാന്‍മാരുണ്ടോയെന്ന് അദ്ദേഹം പറയട്ടെയെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും ഷോണ്‍ നിലപാട് വ്യക്തമാക്കി. എന്നാല്‍ മെത്രാന്‍മാരുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുന്നുണ്ട്. ചങ്ങനാശേരി ബിഷപ്പ് തോമസ് തറയിലിന് പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടി വന്നത് അതുകൊണ്ടാണെന്നും ഷോണ്‍ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എഫ്‌സിആര്‍എ നിയമഭേദഗതിയിലാണ് സഭാധ്യക്ഷന്മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി സി ജോര്‍ജ് രംഗത്തെത്തിയത്. പ്രശ്നമുണ്ടാക്കുന്നത് കോണ്‍ഗ്രസ് മനോഭാവമുള്ള ബിഷപ്പുമാരെന്നാണ് പി. സി ജോര്‍ജ് പ്രതികരിച്ചത്. വിദേശത്ത് നിന്ന് വരുന്ന പണത്തിന്റെ കൃത്യമായ കണക്ക് കാണിക്കണമെന്നാണ് നിയമഭേദഗതി പറയുന്നത്. ബിഷപ്പുമാര്‍ ഇങ്ങനെ ബഹളം വച്ചാല്‍ അവര്‍ക്ക് എന്തോ കള്ളത്തരമുണ്ടെന്ന് ജനം സംശയിക്കും. മാതാ അമൃതാനന്ദമയിക്കില്ലാത്ത എന്ത് പരാതിയാണ് ബിഷപ്പുമാര്‍ക്കുള്ളത്?. ദീപികയിലെ മുഖപ്രസംഗത്തിനെതിരെയും പി സി ജോര്‍ജ് വിമര്‍ശനമുന്നയിച്ചു. മണ്ഡലങ്ങളില്‍ ഒരു പ്രതിഷേധവുമില്ലെന്നും എഫ്‌സിആര്‍എ ബിജെപിക്ക് പ്രതിസന്ധിയല്ലെന്നും ആണ് പി സി ജോര്‍ജ് പ്രതികരിച്ചത്.