സ്വന്തം കാറിന് നേരെ വെടിയുതിര്‍ത്ത കേസില്‍ ശിവസേന നേതാവ് അറസ്റ്റില്‍

Update: 2025-05-29 03:09 GMT

മുംബൈ: സ്വന്തം കാറിന് നേരെ വെടിയുതിര്‍ത്ത കേസില്‍ ശിവസേന യുവജന വിഭാഗം നേതാവ് നിലേഷ് ഘരെയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയുടെ യുവജന വിഭാഗത്തിന്റെ നേതാവാണ് ഇയാള്‍. പോലിസ് സുരക്ഷയും തോക്ക് ലൈസന്‍സും ആവശ്യപ്പെട്ട് ഇയാള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നതായി ഡിസിപി സംബാജി കദം അറിയിച്ചു. ആക്രമണം നടന്നെന്ന് റിപോര്‍ട്ടുണ്ടാക്കിയാല്‍ സുരക്ഷയും ലൈസന്‍സും ലഭിക്കുമെന്നാണ് പ്രതി കരുതിയിരുന്നത്.

മേയ് 19ന് രാത്രി 11.30ഓടെ ഗണപതി മാതാ പ്രദേശത്താണ് ' ആക്രമണം' നടന്നത്. നിലേഷ് ഘരെ ഓഫിസില്‍ എത്തി അല്‍പ്പസമയത്തിന് ശേഷമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കാറിന് നേരെ വെടിവച്ചത്. വെങ്കിടേഷ് എന്നയാള്‍ തന്നെ കൊല്ലാന്‍ നോക്കുന്നുവെന്നാണ് നിലേഷ് പറഞ്ഞത്. എന്നാല്‍, പോലിസ് നടത്തിയ അന്വേഷണത്തില്‍ അജയ് രവീന്ദ്ര സപ്കല്‍ (25), സങ്കേത് മതാലെ, ശുഭം സമ്പത്ത് ഖേംനാര്‍ (27), സച്ചിന്‍ അനില്‍ ഗോള്‍ (27) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലേഷിനെ അറസ്റ്റ് ചെയ്തത്. വെങ്കിടേഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയതിലും നടപടിയുണ്ടാവുമെന്ന് പോലിസ് അറിയിച്ചു.