അറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു?

Update: 2025-05-25 03:19 GMT

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങുന്നതായി റിപോര്‍ട്ട്.കപ്പല്‍ കൂടുതല്‍ ചെരിയാതെ നിവര്‍ത്താനുള്ള ശ്രമം ആരംഭിക്കുന്നതിന് മുന്നെ മുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെയോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. ഇതോടെ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അപകടകരമായ രാസവസ്തുക്കളുണ്ടെങ്കില്‍ കപ്പല്‍ മുങ്ങിയാല്‍ അത് ഒരുപക്ഷേ വലിയ പരിസ്ഥിതി നാശത്തിനും വഴിവെച്ചേക്കാം.

ഗുരുതര സാഹചര്യം കണക്കിലെടുത്ത് കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം കപ്പലില്‍ തുടര്‍ന്ന മൂന്ന് ജീവനക്കാരെയും നാവികസേനയുടെ ഐഎന്‍എസ് സുജാത രക്ഷപ്പെടുത്തി. കപ്പലിന് വളരെ അടുത്തായി ഐഎന്‍എസ് സുജാത ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. എംഎസ്‌സി എല്‍സയുടെ മാതൃ കമ്പനിയുടെ മറ്റൊരു കപ്പലും പ്രദേശത്ത് എത്തിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും നാവികസേനാ കപ്പലുകളും പ്രദേശത്ത് നിലയുറപ്പിച്ച് സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കടലിൽ വീണ കണ്ടെയ്നറുകൾ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.