കത്തുന്ന കപ്പലിലേക്ക് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ്; തീ അണയ്ക്കാന്‍ വ്യോമസേനയും
കൊച്ചി: തീപിടിത്തമുണ്ടായ വാന്‍ ഹയി 503 ചരക്ക് കപ്പലിലെ തീ അണയ്ക്കാന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും ശ്രമം തുടരുന്നു. ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് ഉപയോഗിച്ച് തീയണയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്. കപ്പലിന്റെ ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചരക്കുകപ്പലിന് തീപ്പിടിച്ചിട്ട് നാലാം ദിവസമായിട്ടും തീ പൂര്‍ണമായും അണക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് തീ കെടുത്താനായി കൂടുതല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. കണ്ടെയ്‌നറുകളില്‍ തട്ടി പ്രൊപ്പലര്‍ തകരാമെന്നതിനാല്‍ മറ്റു കപ്പലുകള്‍ക്ക് അടുത്തേയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമുദ്രപ്രഹരി, സചേത് എന്നിവയില്‍ നിന്ന് ശക്തമായി വെള്ളം പമ്പുചെയ്ത് കപ്പല്‍ തണുപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു.
അതേസമയം, കപ്പലിനെ ഉള്‍ക്കടലിലേക്ക് വലിച്ചുകൊണ്ടുപോകുന്ന പ്രക്രിയയും തുടരുകയാണ്. ബുധനാഴ്ചയാണ് അതിസാഹസികമായി കപ്പിലില്‍ ഇറങ്ങി വടം കെട്ടിയത്. വടം മറ്റൊരു കോസ്റ്റ് ഗാര്‍ഡ് കപ്പലുമായി ബന്ധിച്ചാണ് ഇത് നടത്തുന്നത്. കപ്പല്‍ 15 ഡിഗ്രി ചരിഞ്ഞുനില്‍ക്കുന്നതിനാല്‍ വളരെ ശ്രമകരമായ നടപടിയാണ്.