അറബിക്കടലില്‍ കപ്പല്‍ ചരിഞ്ഞു; അപകടകരമായ കാര്‍ഗോ കടലില്‍; കണ്ടാല്‍ തൊടരുതെന്ന്

Update: 2025-05-24 12:43 GMT

കൊച്ചി: കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ കപ്പല്‍ അപകടം. കപ്പല്‍ ചരിഞ്ഞെന്നും കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. കപ്പലില്‍ നിന്ന് മറൈന്‍ ഗ്യാസ് ഓയില്‍(എംജിഒ), വെരി ലോ സള്‍ഫര്‍ ഫ്യുയല്‍ ഓയില്‍ (വിഎല്‍എസ്എഫ്ഒ) എന്നിവ ചോര്‍ന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരത്തേക്ക് കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ ഒരു കാരണവശാലും കണ്ടെയ്‌നറുകളില്‍ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംശയകരമായ വസ്തുക്കള്‍ കണ്ടാല്‍ വിവരം പൊലിസിലോ 112ലോ അറിയിക്കണം. കടല്‍തീരത്ത് എണ്ണപ്പാട കണ്ടാല്‍ സ്പര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

6 മുതല്‍ 8 വരെ കണ്ടെയ്‌നറുകളാണ് കടലിലേക്കു വീണതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എല്‍സാ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കണ്ടെയ്‌നറുകള്‍ വടക്കന്‍ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കപ്പലില്‍ 24 ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതില്‍ 9 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. നാവികസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി.