ഇസ്രായേലി സൈനികന് പകരം 2011ല്‍ മോചിപ്പിച്ച ഫലസ്തീനികളില്‍ 82 ശതമാനവും വിമോചനപോരാട്ടത്തില്‍ സജീവമായെന്ന് രഹസ്യാന്വേഷണ വിഭാഗം തലവന്‍
യഹ്‌യാ സിന്‍വാര്‍, അബു ജലാല, അടക്കം നിരവധി പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.
തെല്‍അവീവ്: സൈനികന്‍ ഗിലാദ് ഷാലിത്തിന് പകരം 2011ല്‍ വിട്ടുനല്‍കിയ 1027 ഫലസ്തീനികളില്‍ 82 ശതമാനം പേരും ഫലസ്തീന്‍ വിമോചനപോരാട്ടത്തിലേക്ക് മടങ്ങിയെന്ന് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗം തലവന്‍ റോണന്‍ ബാര്‍. ഇതില്‍ 15 ശതമാനം പേര്‍ വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലും നേരിട്ട് പങ്കെടുത്തെന്നും റോണന്‍ ബാര്‍ പറഞ്ഞു.
ഗസയില്‍ നിന്ന് കുത്തിയ തുരങ്കത്തിലൂടെയാണ് 2006 ജൂണ്‍ 25ന് ഹമാസ്, പിആര്‍സി, എഒഎഫ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് നടന്ന വെടിവെയ്പില്‍ രണ്ടു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഗിലാദ് ഷാലിത്ത് അടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗിലാദിനെ തുരങ്കത്തിലൂടെ ഗസയിലേക്ക് കൊണ്ടുപോയി. ഇയാളെ മോചിപ്പിക്കാന്‍ നിരവധി തവണ ഇസ്രായേല്‍ സൈന്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് അന്താരാഷ്ട്ര മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി 2011 ഒക്ടോബര്‍ 18ന് വിട്ടുനല്‍കി. ഇതിന് പകരമായി രണ്ടു ഘട്ടമായി 1,027 ഫലസ്തീനി തടവുകാരെ മോചിപ്പിച്ചു. യഹ്‌യാ സിന്‍വാര്‍, അബു ജലാല, അടക്കം നിരവധി പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.
2011ല്‍ ഇസ്രായേലി ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട യഹ്‌യാ സിന്‍വാര്‍ ഗസയിലേക്ക് വരുന്നു
അന്ന് വിട്ടയക്കപ്പെട്ടവരില്‍ 82 ശതമാനം പേരും വിമോചനപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തെന്നാണ് ഇസ്രായേല്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ചിലരെ പിന്നീട് പിടികൂടി. ഇനി നാളെ നടക്കുന്ന ബന്ദി മോചനപ്രക്രിയയില്‍ മോചിപ്പിക്കും.
ജയിലുകളില്‍ നിന്ന് പുറത്തുവരുന്നവര്‍ കൂടിയാവുമ്പോള്‍ വെസ്റ്റ്ബാങ്കിലെ സ്ഥിതി സ്‌ഫോടനാത്മകമാവുമെന്നാണ് റോണന്‍ ബാര്‍ പറയുന്നത്. തടവുകാരെ തിരികെ കിട്ടിയ ആത്മവിശ്വാസം വെസ്റ്റ്ബാങ്കിലെ ജനങ്ങളില്‍ പ്രതിഫലിക്കും. ഇത് ഇസ്രായേലി സൈന്യത്തിന് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും. അതിനാല്‍, ഗസയിലെ വെടിനിര്‍ത്തലിനൊപ്പം വെസ്റ്റ്ബാങ്കില്‍ സൈനികനടപടി ശക്തമാക്കണമെന്നാണ് റോണന്‍ ബാറിന്റെ ആവശ്യം.
