ഷിഗെല്ല ആശങ്ക;കാസര്‍കോട് പരിശോധനാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്

Update: 2022-05-04 04:48 GMT

കാസര്‍കോട്:ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച പെണ്‍കുട്ടി മരണപ്പെടാനുണ്ടായ സാഹചര്യം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്.ദേവനന്ദക്ക് പുറമേ ഐഡിയല്‍ ഫുഡ് പോയന്റ് കടയില്‍ നിന്നും ഷവര്‍മ കഴിച്ച നാലുകുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. അതിനാല്‍ ഈ കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിക്കും. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി ഡെപ്യൂട്ടി ഡിഎം ഒ ഡോ മനോജ് അറിയിച്ചു.

51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികില്‍സയിലുള്ളത്.ചികില്‍സയിലുള്ളവര്‍ക്കെല്ലാം സമാനമായ രോഗ ലക്ഷണങ്ങളാണ് ഉള്ളത്.എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികില്‍സയിലുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിലാണ് അധികൃതര്‍.

കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയന്റ് മാനേജര്‍ പടന്ന സ്വദേശി അഹമ്മദ്, മാനേജിങ് പാര്‍ട്ണര്‍ മംഗളൂര്‍ കൊല്യ സ്വദേശി അനക്‌സ് ഗാര്‍, ഷവര്‍മ മേക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെതിരേയും കേസെടുക്കാന്‍ തീരുമാനിച്ചതോടെ യുഎഇയിലുള്ള ഇദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലിസ്. ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന തുടരാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.

Tags:    

Similar News