കണ്ണൂര്‍: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഷെറിന്റെ മോചനം അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് എത്തിയതോടെയാണ് കണ്ണൂരിലെ വനിതാ ജയിലില്‍ നിന്നും ഷെറിനെ വിട്ടയച്ചത്. 2009ലാണ് ഭര്‍ത്തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്‍ 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവര്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയാല്‍ പരോള്‍ നല്‍കുന്ന പതിവുണ്ട്. അങ്ങനെ ശിക്ഷ അനുഭവിച്ചവരുടെ പട്ടികയിലാണ് ഷെറിന്‍ ഉള്‍പ്പെട്ടിരുന്നത്. ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാരണവരെ(66) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികള്‍.
സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്‍, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
ഭാസ്‌കര കാരണവരുടെ ഇളയമകനായ ബിനു പീറ്റര്‍ കാരണവരുടെ ഭാര്യയാണ് ഷെറിന്‍. ശാരീരികവെല്ലുവിളികള്‍ നേരിടുന്ന ബിനുവിന്റെ സംരക്ഷണത്തിനായാണ് ഷെറിനുമായുള്ള വിവാഹം നടത്തിയത്. അമേരിക്കന്‍ മലയാളി കുടുംബാംഗമായ ബിനുവുമായുള്ള വിവാഹം സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഷെറിന്റെ കുടുംബത്തിന് സാമ്പത്തികപരാധീനതകളില്‍നിന്നുള്ള മോചനംകൂടിയായിരുന്നു.
2001 മെയ് 21-നാണ് ഷെറിനും ബിനുവും വിവാഹിതരായത്. ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയില്‍ എത്തി. അമേരിക്കയില്‍ ഭാസ്‌കരകാരണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കും ഒപ്പമായിരുന്നു ഇവരുടെ താമസം. എന്നാല്‍, അവിടെ ജോലിക്കുനിന്നിരുന്ന സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിന് പിടിക്കപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. അമേരിക്കയില്‍വെച്ച് സാമ്പത്തികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ഷെറിനെതിരേ ആരോപണമുയര്‍ന്നു. ഇതോടെ ബിനുവിനെയും ഷെറിനെയും ഭാസ്‌കര കാരണവര്‍ നാട്ടിലേക്ക് പറഞ്ഞയച്ചു. കൈക്കുഞ്ഞുമായിട്ടായിരുന്നു ഇവരുടെ മടക്കം. കുഞ്ഞിന്റെ പിതൃത്വം വരെ തര്‍ക്കത്തിലെത്തിയതോടെ പിതൃത്വപരിശോധന വരെ നടത്തിയിരുന്നു.
2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കര കാരണവരും നാട്ടിലേക്ക് മടങ്ങി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാര്‍ഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങള്‍ക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി.
ഷെറിനെ വിശ്വസിച്ച ഭര്‍ത്താവ് ബിനു പീറ്റര്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിന്‍ താഴത്തെനിലയിലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓര്‍ക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു. ഭാസ്‌കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തില്‍ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്‌സ് വില്ലയില്‍ കയറിയിറങ്ങി. ഇതോടെ ഭാസ്‌കര കാരണവര്‍ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവില്‍ ഇദ്ദേഹവുമായി മധ്യസ്ഥശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഭാസ്‌കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിന്‍ അരിശംതീര്‍ത്തത്. ഷെറിനെ വേഗം കുടുംബത്തില്‍നിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവര്‍ക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവില്‍ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

