മസ്ജിദുല്‍ അഖ്‌സയില്‍ ശെയ്ഖ് സരന്‍ദായെ വിലക്കി ഇസ്രായേലി പോലിസ്

Update: 2025-09-19 15:42 GMT

അധിനിവേശ ജെറുസലേം: മസ്ജിദുല്‍ അഖ്‌സയില്‍ മതപണ്ഡിതന്‍ ശെയ്ഖ് സരന്‍ദായെ വിലക്കി ഇസ്രായേലി പോലിസ്. വെള്ളിയാഴ്ചയായ ഇന്ന് ഖുത്ബ കഴിഞ്ഞ ശേഷം മസ്ജിദില്‍ അതിക്രമിച്ചു കയറിയ ഇസ്രായേലി പോലിസ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. അതിന് ശേഷമാണ് ഒരാഴ്ച്ച വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് കാലാവധി കഴിയുമ്പോള്‍ പോലിസിന് മുന്നില്‍ ഹാജരാവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസ്ജിദുല്‍ അഖ്‌സ പരിസരത്ത് നിന്ന് അരിജ് ജവാദ എന്ന യുവതിയേയും ഇസ്രായേലി പോലിസ് തട്ടിക്കൊണ്ടുപോയി. ഇന്ന് ഏകദേശം 40,000 ഫലസ്തീനികളാണ് നമസ്‌കാരത്തിനായി മസ്ജിദില്‍ എത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഗസയിലും വെസ്റ്റ്ബാങ്കിലും രക്തസാക്ഷികളായവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. അതേസമയം, മസ്ജിദില്‍ നിന്ന് ഇസ്രായേലി സൈന്യം വിലക്കിയ നിരവധി പേര്‍ തെരുവുകളില്‍ നമസ്‌കരിച്ചു.