''സ്വഭാവദൂഷ്യം ആരോപിച്ചതിന് ഷീലയെ മയക്കുമരുന്ന് കേസില്‍ കുടുക്കി''; കുറ്റസമ്മതം നടത്തി ലിവിയ

കൊടുങ്ങല്ലൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന കേസില്‍ കുറ്റസമ്മതം നടത്തി ഷീലയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് (22). മുംബൈയില്‍നിന്നു ലിവിയയെ നാട്ടില്‍ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം തുറന്നുസമ്മതിച്ചത്. നാരായണദാസിന്റെ സഹായത്തോടെയാണ് കുറ്റകൃത്യം ചെയ്തതെന്നും ലിവിയ ജോസ് മൊഴി നല്‍കി. ലിവിയക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമായതെന്നും മൊഴിയില്‍ പറയുന്നു.
കേസില്‍ പ്രതിയായ ലിവിയയുടെ സുഹൃത്ത് നാരായണദാസിനെ നേരത്തെ ബംഗളൂരുവില്‍നിന്നു പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുചക്ര വാഹനത്തില്‍ വ്യാജ ലഹരി സ്റ്റാംപ് ഒളിപ്പിച്ചു വച്ച് എക്‌സൈസിനെ വിളിച്ചു വരുത്തി ഷീലയെ കുടുക്കിയെന്നാണ് കേസ്. ഷീല സണ്ണിയുടെ മകന്‍ സംഗീതിനെ ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ഇതുവരെ ഇയാള്‍ എത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഇപ്പോഴും ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
കേസില്‍ ലിവിയയ്ക്കു പങ്കുണ്ടെന്നു സൂചന ലഭിച്ചതോടെ അന്വേഷണ സംഘം തിരച്ചില്‍ നോട്ടിസ് ഇറക്കി. ദുബൈയിലേക്കു കടന്ന ലിവിയയെ നാട്ടില്‍ എത്തിക്കാനും പാസ്‌പോര്‍ട്ട് റദ്ദാക്കാനും പോലിസ് നീക്കം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് ദുബൈയില്‍ നിന്നു രഹസ്യമായി മുംബൈയില്‍ എത്തിയപ്പോഴാണ് ലിവിയ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്.
2023 ഫെബ്രുവരി 27ന് ആണ് വ്യാജ ലഹരി സ്റ്റാംപുമായി എക്‌സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ 72 ദിവസം ജയില്‍ കഴിഞ്ഞ ശേഷമാണു കേസ് വ്യാജമെന്നു കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്തത്. കേസിലെ ഗൂഢാലോചന സംബന്ധിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണു കേസ് അന്വേഷണം പോലിസിനു കൈമാറിയത്.