കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ പശുക്കശാപ്പ് കേസില്‍ കുടുക്കിയ യുവതിയെ തേടി പോലിസ്
ലഖ്‌നോ: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ പശുക്കശാപ്പ് കേസില്‍ കുടുക്കിയ യുവതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശിയായ യുവതിയെ പിടിക്കാനാണ് പോലിസ് ശ്രമം നടത്തുന്നത്. ഇന്നലെ യുവതി അലഹബാദ് ഹൈക്കോടതിയിലുണ്ടെന്ന് മനസിലാക്കിയ പോലിസ് സംഘം കോടതിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. മാത്രമല്ല, കോടതി വളപ്പില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പോലിസ് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.
അലീഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പഠിച്ച യുവതിയാണ് ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയത്. ഭോപ്പാല്‍ സ്വദേശിയായ ഒരു യുവാവുമായി ഇന്‍സ്റ്റഗ്രാമിലൂടെ യുവതി ബന്ധമുണ്ടാക്കിയെന്നും അതിന് ശേഷം ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോലിസ് പറയുന്നത്. ഭര്‍ത്താവിനെ പശുക്കശാപ്പില്‍ കുടുക്കി ജയിലിലാക്കി അത് ചൂണ്ടിക്കാട്ടി വിവാഹമോചനം തേടുകയായിരുന്നു പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി യുവതിയും കാമുകനും സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഹിന്ദുത്വ സംഘടനയുടെ ഗ്രൂപ്പില്‍ ചേര്‍ന്നു. അതിന് പിന്നാലെ ഭര്‍ത്താവിന്റെ കാറില്‍ രണ്ടു കിലോഗ്രാം മാംസം സൂക്ഷിച്ചു. ഭര്‍ത്താവിന്റെ കാറില്‍ പശുമാംസമുണ്ടെന്ന് ഹിന്ദുത്വ സംഘടനാ നേതാക്കളെ വിളിച്ച് അറിയിച്ചു. ഹിന്ദുത്വ സംഘം സ്ഥലത്തെത്തി ബഹളമുണ്ടാക്കുകയും ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. പക്ഷേ, ഈ കേസില്‍ ഭര്‍ത്താവിന് ഒരുമാസത്തിനുള്ളില്‍ ജാമ്യം ലഭിച്ചു. ഇതോടെ ഭാര്യ മറ്റൊരു പദ്ധതി തയ്യാറാക്കി.
ഭര്‍ത്താവിന്റെ ഫോണ്‍ ഉപയോഗിച്ച് പത്തുകിലോഗ്രാം മാംസം ഓര്‍ഡര്‍ ചെയ്യുകയും ഭര്‍ത്താവിന്റെ ഫാക്ടറിയുടെ അടുത്തുള്ള ഡെലിവറി അഡ്രസ് നല്‍കുകയും ചെയ്തു. അതിന് പിന്നാലെ വിവരം പോലിസിനെ അറിയിച്ചു. വാഹനത്തില്‍ മാംസം കടത്തുന്നുവെന്നായിരുന്നു ആരോപണം. പോലിസ് എത്തി വണ്ടി തടഞ്ഞു മാംസം പിടിച്ചെടുത്തു. ഇതിന് പിന്നാലെ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു. തന്റെ ഭാര്യയാവാം സംഭവത്തിന് പിന്നിലെന്നും അവള്‍ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വീട്ടില്‍ സിസിടിവി ക്യാമറയുണ്ടെന്നും ഭര്‍ത്താവ് പോലിസിനെ അറിയിച്ചു. ക്യാമറ പരിശോധിച്ച പോലിസ് ഭര്‍ത്താവിന്റെ ഫോണ്‍ ഭാര്യ ഉപയോഗിക്കുന്നത് കണ്ടു. ഭര്‍ത്താവ് കുളിമുറിയിലായിരുന്ന സമയത്താണ് ഇത് ചെയ്തത്. മാംസം ഓര്‍ഡര്‍ ചെയ്ത ശേഷം യുവതി കാമുകനെ വിളിച്ചതായും കണ്ടെത്തി. അതിന് പിന്നാലെ യുവാവിനെ ഭോപ്പാലില്‍ നിന്നും പിടികൂടി. എന്നാല്‍, അപ്പോഴേക്കും യുവതി രക്ഷപ്പെട്ടു. യുവതി ഹൈക്കോടതിയില്‍ അഭിഭാഷകനെ കാണാന്‍ പോവുന്നു എന്ന വിവരം അറിഞ്ഞപ്പോഴാണ് പോലിസ് സംഘം കോടതിയില്‍ എത്തിയത്. പക്ഷേ, സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പോലിസുകാരെ അഭിഭാഷകര്‍ തടഞ്ഞുവച്ചു. ഈ ബഹളത്തിനിടെ യുവതി കോടതിയില്‍ നിന്നും മുങ്ങി. യുവതിയെ പിടിക്കാന്‍ പോലിസ് സംഘങ്ങള്‍ രൂപീകരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
