നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ ജോലി ഉപേക്ഷിക്കുന്നു

Update: 2025-12-18 02:56 GMT

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് വലിച്ചു താഴ്ത്തിയ മുസ്‌ലിം വനിതാ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു. നിഖാബ് വലിച്ചുതാഴ്ത്തിയതിന് പിന്നാലെ നിയമനക്കത്ത് നല്‍കിയെങ്കിലും അപമാനിക്കപ്പെട്ടതിനാല്‍ ജോലിക്ക് ചേരുന്നില്ലെന്നാണ് ഡോ.നുസ്രത് പര്‍വീണ്‍ പറയുന്നത്. ഈ മാസം 20ന് സര്‍വീസില്‍ പ്രവേശിക്കാനാണ് നിയമനക്കത്ത് പറയുന്നത്. എന്നാല്‍ ജോലിയില്‍ ചേരില്ലെന്ന് നുസ്രത് ഉറപ്പിച്ചതായി സഹോദരന്‍ പറഞ്ഞു. നുസ്രതിനെ ആശ്വസിപ്പിച്ച് ജോലിക്ക് കയറാന്‍ പ്രേരിപ്പിക്കുകയാണ് കുടുംബം. ''മറ്റൊരാളുടെ തെറ്റിന് നുസ്രത് എന്തിന് സഹിക്കണം എന്നൊക്കെ ഞങ്ങള്‍ ചോദിച്ചു.''-സഹോദരന്‍ പറഞ്ഞു. ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിലാണു ഡിസംബര്‍ 15 ന് നിതീഷ് കുമാര്‍ നുസ്രതിനോട് അപമര്യാദയായി പെരുമാറിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനിടെ അവരുടെ നിഖാബ് ഊരിമാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.