'ഞാന്‍ വിചാരിച്ചു മറ്റവന്മാരാണെന്ന്, എന്തായാലും അതല്ലല്ലോ, സന്തോഷം...'; തന്ത്രി കണ്ഠരര് രാജീവരരെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പ്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാവുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഷാനോസ് ഡേവിഡാണ് തന്റെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് 2011ല്‍ റിപ്പോര്‍ട്ടറില്‍ ഉള്ള കാലത്താണ്. പിന്നീട് 2022ല്‍ ഒരവസരം വന്നപ്പോ ചോദിച്ച് മേടിച്ചാണ് ഞാന്‍ മല കയറിയത്. കൂടെ കാമറമാന്‍ ഷിജു ചവറയും. ആദ്യ പത്ത് ദിവസമായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി കാലം. ശബരിമല റിപ്പോര്‍ട്ടിംഗ് രസമുള്ള സംഗതിയാണ്. പത്താം ദിവസം ഷിജുവിനെ അടയാളപ്പെടുത്തുന്ന ഒരു സ്റ്റോറി ചെയ്തു തരാം എന്ന് ഞാന്‍ അവന് വാക്കുകൊടുക്കുകയും ചെയ്തിരുന്നു. ഹരിവരാസനം മുതല്‍ നട തുറക്കും വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഞാനും ഷിജുവിനൊപ്പം കൂടി. സ്റ്റോറി ലൈന്‍ നേരത്തെ പറഞ്ഞിരുന്നതിനാല്‍ എന്റെ ആവശ്യമില്ല എങ്കിലും സഹായിയായി ഞാനും ഒപ്പം കൂടി.
മല ഇറങ്ങുന്ന ദിവസം ഷിജുവിന് ഒരാഗ്രഹം. മേല്‍ശാന്തിയെയും തന്ത്രിയെയും കണ്ട് യാത്ര പറയണം. പിന്നെ പ്രസാദവും വാങ്ങണം. റിപ്പോര്‍ട്ടര്‍ കൂടെയുണ്ടെങ്കില്‍ പ്രത്യേക പരിഗണന കിട്ടും ഇവിടെയൊക്കെ കയറിച്ചെല്ലാന്‍. മേല്‍ശാന്തിയെ കണ്ടു, സംസാരിച്ചു, പ്രസാദം വാങ്ങി. ഷിജുവിന് പെരുത്ത സന്തോഷം. അടുത്തതായി കണ്ടത് തന്ത്രി കണ്ഠരര് രാജീവരരെയാണ്. മേല്‍ശാന്തിയെപ്പോലെ അത്രവലിയ തെരക്കൊന്നുമില്ലാത്ത ജോലി ആയതിനാല്‍ ഞങ്ങളെ പരിചയപ്പെടാന്‍ തന്ത്രി തയ്യാറായി. എന്നോട് പേര് ചോദിച്ചു. ഷാനോസ് എന്ന് കേട്ടതും തന്ത്രിയുടെ നെറ്റി ചുളിഞ്ഞു. ഷാനവാസോ എന്ന് ചോദിച്ച്, അത്രസുഖകരമല്ലാത്ത മുഖത്തോടെ എന്നെ ആകമാനം നോക്കി. ഷാനവാസ് അല്ല, ഷാനോസ് എന്ന് ഞാന്‍ തിരുത്തി. അപ്പോ മുഴുവന്‍ പേര് എങ്ങനെയായി എന്ന് ചോദ്യം. ഷാനോസ് ഡേവിഡ് എന്ന് ഞാന്‍ മറുപടി നല്‍കി. അറബി നാട്ടില്‍ അപ്രതീക്ഷിതമായി ക്രിസംഘിയെ കണ്ട ഹിന്ദു സംഘിയുടെ സന്തോഷം പോലെ തോന്നി ആ നിമിഷത്തെ തന്ത്രിയുടെ മന്ദഹാസമുഖം. 'ഞാന്‍ വിചാരിച്ചു മറ്റവന്മാരാണെന്ന്, എന്തായാലും അതല്ലല്ലോ, സന്തോഷം' തന്ത്രിയുടെ ഈ വാചകം എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. ഒരു വിളിപ്പാടകലെ വാവര് സ്വാമിയുണ്ട്. എന്നിട്ടും ഉളുപ്പില്ലാതെ ഇങ്ങനെ പറഞ്ഞല്ലോ എന്നോര്‍ത്തപ്പോ, അതിന് മുഖത്തടിച്ചപോലെ മറുപടി പറഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി. ചിലയിടങ്ങളില്‍, ചില സാഹചര്യങ്ങളില്‍ നമ്മള്‍, നമ്മളറിയാതെ കെട്ടിയിടപ്പെട്ടവരായി മാറിപ്പോകുമല്ലോ. പക്ഷേ അത് അധികം സമയം നീണ്ടുപോയില്ല.
തന്ത്രിയോട് ഞാന്‍ പറഞ്ഞു; 'എനിക്ക് വേണ്ടിയല്ല ഞാന്‍ വന്നത്, എന്റെ കാമറാമാന്‍ ഷിജു ഭക്തനാണ്. ഷിജുവിന് മേല്‍ശാന്തിയെയും തന്ത്രിയെയും കണ്ട് പ്രസാദം വാങ്ങണമെന്ന് ആഗ്രഹം പറഞ്ഞു, അതുകൊണ്ടാണ് ഞാനും കൂടെ വന്നത്. ചാനല്‍ മൈക്കുള്ള ആള് കൂടെയുണ്ടെങ്കില്‍ ആരും തടയാതെ കയറിവരാമല്ലോ എന്ന് വിചാരിച്ച് കൂടെ വന്നതാണ് ഞാന്‍'. 'അപ്പോ താന്‍ വിശ്വാസിയല്ലേ ?' ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഞാന്‍ കടുത്ത നിരീശ്വരവാദിയാണെന്ന് തന്ത്രിയുടെ മുഖത്ത് നോക്കി പറഞ്ഞപ്പോ ഞാന്‍ അനുഭവിച്ച ആനന്ദം, അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല. 'അപ്പോ കുടുംബമൊക്കെ ?' തന്ത്രി എന്നെ വിടാന്‍ ഭാവമില്ല. 'നാട് തിരുവല്ലയിലാണ്, അപ്പനും അമ്മയും സഹോദരങ്ങളുമൊക്കെ അവിടെയാണ്'. 'കല്യാണം കഴിച്ചതാണോ ?'. പിന്നെയും തന്ത്രിയുടെ ചോദ്യം. കല്യാണമൊക്കെ കഴിഞ്ഞതാണ്. പത്ത് പന്ത്രണ്ട് വയസുള്ള മകനുണ്ടെന്നും ഞാന്‍ മറുപടി കൊടുത്തു. 'എന്താ വൈഫിന്റെ പേര് ?' ഇങ്ങേരിത് എന്ത് ഭാവിച്ചാണെന്ന് മനസില്‍ ഓര്‍ത്തെങ്കിലും ഞാന്‍ മറുപടി കൊടുത്തു. 'സവിത, സവിത സാവിത്രി'. തന്ത്രി ഹാപ്പിയായി. ഭാര്യ ഹിന്ദു ആണല്ലേ, അമ്പലത്തിലൊക്കെ പോകുമായിരിക്കുമല്ലോ അല്ലേ ?' ഞാന്‍ പറഞ്ഞു, വൈഫും വിശ്വാസിയല്ല. 'അപ്പോ മോനോ ?' നിലവില്‍ വിശ്വാസിയല്ല, പക്ഷേ അവന്റെയൊരു രീതി കാണുമ്പോ വിശ്വാസിയാകാന്‍ സാധ്യയില്ലെന്നും ഞാന്‍ പറഞ്ഞു. ഇതെന്തൊരു കുടുംബം എന്നൊക്കെ പറഞ്ഞ് കക്ഷി കുറേ ചിരിച്ചു, ഞാനും ചിരിച്ചു.
'ആദ്യമായിട്ടാണ് ഇവിടെ വന്നൊരാള്‍, എന്റെ മുന്നില്‍ വന്നുനിന്ന് വിശ്വാസി അല്ലെന്ന് പറയുന്നത്. നിങ്ങള് വിശ്വാസി അല്ലെന്നത് പോട്ടെ, കുടുംബം ഒന്നാകെ അവിശ്വാസികളാകുന്നത് ചിന്തിക്കാനേ കഴിയുന്നില്ല. എന്തായാലും ഉള്ളകാര്യം ഉള്ളപോലെ അയ്യപ്പന്റെ നടയില്‍ നിന്ന് പറഞ്ഞല്ലോ, അതിലെനിക്ക് സന്തോഷമുണ്ട്. സത്യം പറഞ്ഞാ മറ്റന്‍മാരെന്നാണ് ഞാന്‍ ആദ്യം കരുതിയത്, എന്തായാലും അതല്ലല്ലോ!' എന്നിട്ട് നെടുവീര്‍പ്പിട്ടു. ഇനി എന്ന് ശബരിമലയ്ക്ക് വന്നാലും എന്നെ വന്ന് കാണണം കേട്ടോ, ഇത് എന്റെ ജീവിതത്തിലെ ആദ്യ സംഭവമാണ് കേട്ടോ എന്നൊക്കെ പറഞ്ഞാണ് തന്ത്രി ഞങ്ങളെ യാത്രയാക്കിയത്. ഷിജു വിചാരിച്ചതിനേക്കാള്‍ കൂടൂതല്‍ പ്രസാദം മേല്‍ശാന്തിയുടെ കൈയില്‍ നിന്നും ഒടുവില്‍ തന്ത്രിയുടെ കൈയില്‍ നിന്നും കിട്ടി. ഷിജു ഹാപ്പിയെന്നുവച്ചാല്‍ വന്‍ഹാപ്പി.
ശബരിമല തന്ത്രിയോട് ഇത്രയും നേരം സംസാരിച്ചിട്ടും ഈ 'മറ്റവന്‍മാര്‍' എന്ന പ്രയോഗം അന്നേരം മാത്രമല്ല, അവിടെ നിന്നും ഇറങ്ങിക്കഴിഞ്ഞിട്ടും എന്നെ വിട്ടുപോയില്ല. എനിക്കതിനെ എതിര്‍ക്കാന്‍ കഴിയാതിരുന്ന ഗതികേടിനെ, അവിശ്വാസകുടുംബമെന്ന സങ്കല്‍പ്പം കൊണ്ട്, അതിന്റെ പ്രയോഗവത്കരണ വിശദീകരണം കൊണ്ട് 'മറ്റവന്‍മാര്‍' എന്ന പ്രയോഗത്തിന് മറുപടി നല്‍കിയതായി തന്ത്രിക്ക് മനസിലായിക്കാണുമോ എന്ന് ഞാന്‍ സംശയിച്ചു. എന്റെ മനസ് പറഞ്ഞു, അയാള്‍ക്കൊരു തേങ്ങയും മനസിലായിക്കാണില്ല. അതിനുള്ള മനസോ, ഹൃദയവിശാലതയോ, ആത്യന്തികമായി സാമൂഹ്യബോധ്യമോ അയാള്‍ക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. എന്നെ സങ്കടപ്പെടുത്തിയത് വാവര് സ്വാമിയാണ്. നാടിന്റെ പോക്ക് ഈ നിലയ്ക്കാണെങ്കില്‍, വടക്കന്‍ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും തെക്കന്‍ കേരളത്തില്‍ ആര്‍എസ്എസും കാര്യങ്ങള്‍ തീരുമാനിക്കുന്ന ഘട്ടമെത്തിയാല്‍ 'മറ്റവന്‍മാരുടെ' 'മറ്റവന്‍' എന്ന പ്രഖ്യാപനത്തിന് കാലതാമസം ഉണ്ടാകില്ല.
അവിശ്വാസിയായ എനിക്ക് ഉറപ്പിക്കാവുന്ന ഒരേയൊരു കാര്യം അയ്യപ്പനും അവിടെക്കാണും വാവരും അവിടെക്കാണും മാളികപ്പുറത്തമ്മയും അവിടെക്കാണും. അക്കമിട്ട് നിന്നെയൊക്കെ അയ്യപ്പന്‍ പിടിക്കും. സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെ വമ്പന്‍ ജൂവല്ലറി ഗ്രൂപ്പ് രക്ഷപ്പെട്ടപോലെ രക്ഷപ്പെടേണ്ട മുതലായിരുന്നു കണ്ഠരര് രാജീവരര്. പക്ഷേ എന്നാ ചെയ്യാനാ... ഇഡിയുടെ കളിയല്ലല്ലോ...! ഇക്കളി അയ്യപ്പന്റെ കളിയല്ലേ... അവിടെനിന്നും ഒരൊറ്റ വിധിയേ വരൂ...!

