'ജമാഅത്തിനെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച സീറ്റ് കൊടുത്തത്: എ കെ ബാലന്‍

Update: 2026-03-26 16:07 GMT

പാലക്കാട്: 'ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഷുവര്‍ സീറ്റ് കൊടുത്തതെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എ കെ ബാലന്‍ ജമാഅത്തിനും മുസ് ലിം ലീഗിനും എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പണ്ട് മുസ് ലിം ലീഗ് പ്രകടമായി തന്നെ ജമാഅത്തെ ഇസ് ലാമിക്കെതിരെ നിലപാട് എടുത്തിരുന്നു. ശിഹാബ് തങ്ങളുടെ കാലത്ത് അതിശക്തമായ നിലപാട് ഈ സംഘടനക്കെതിരെ എടുത്തിരുന്നു. ഇപ്പോള്‍ അതുമായി വിധേയപ്പെട്ടു പോവുന്നു എന്നതിന്റെ തെളിവാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഒന്നാം നമ്പര്‍ ഷുവര്‍ സീറ്റ് കൊടുത്തതെന്നും ബാലന്‍ പറഞ്ഞു.

കഴിഞ്ഞ 10 കൊല്ലം മുസ് ലിമിന് കിട്ടേണ്ടത് ഇല്ലാതാക്കി എന്ന് പറഞ്ഞാല്‍, ഇതുപോലെ വര്‍ഗീയത വമിക്കുന്ന ഏതെങ്കിലും ഒരു പരാമര്‍ശം കേരള രാഷ്ട്രീയത്തില്‍ ഇന്നേവരെ കണ്ടിട്ടില്ല. ഇങ്ങനെ പണ്ട് ലീഗ് പറയാറില്ല. ഇതിന് അടിമപ്പെടാതെ ഞങ്ങളെ നേരിടാനാവില്ല. അങ്ങനെ പറഞ്ഞ ഷാജിക്ക് ഷുവര്‍ സീറ്റ് കൊടുത്തു. അയാള്‍ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞിട്ടില്ല. ലീഗ് തിരുത്താത്തതിന് കാരണം ജമാഅത്തിനോടുള്ള വിധേയത്വമാണ്. എന്നാല്‍, ഇത് വന്നതോട് കൂടി മതന്യൂനപക്ഷങ്ങളില്‍ വലിയ തള്ളിച്ച ഇടതുപക്ഷത്തിന് അനുകൂലമായി വന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു. ജമാഅത്തെ ഇസ് ലാമിയുമായി എല്‍ഡിഎഫ് സഹകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് എ.കെ ബാലന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

അന്ന് അവരെടുത്ത നിലപാടില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടും രാഷ്ട്രീയ പ്രതികരണവും അവര്‍ നടത്തിയിരുന്നു. പ്രത്യേകിച്ച് മൂലധന ശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഇമേജ് ഉണ്ടാക്കിയിരുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന ചിന്താഗതി അടിസ്ഥാനപരമായി സ്വീകരിച്ച വ്യക്തിയാണ് മൗദൂദി. അതെ സമയം സാമ്രജ്യവിരുദ്ധ നിലപാടുമുണ്ട്. ഈ പ്രശ്നം വന്നപ്പോള്‍ ഞങ്ങളൊക്കെ കരുതിയത് ശക്തമായ നിലപാട് ഏത്, ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോട് കൂറുള്ളവരാണ് ഞങ്ങളൊരു മതരാഷ്ട്രവാദത്തിന്റെ ആളല്ല എന്നു പറയുമെന്നാണ്. ഇപ്പോഴും അവര്‍ പറയുന്നത് മതരാഷ്ട്രവാദമാണ്. ഞങ്ങള്‍ ആര്‍എസ്എസിനെ എതിര്‍ക്കുകയാണ്. ഹിന്ദുരാഷ്ട്രവാദത്തിനെതിരെ നിലപാട് എടുക്കുമ്പോള്‍ ഇതിനെതിരെ എന്താണ് നിലപാട് എടുക്കാത്തത് എന്ന ചോദ്യം വരില്ലേ.., അങ്ങനെ വരുന്ന സമയത്താണ് ഞങ്ങള്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചത്. എ കെ ബാലന്‍ പറഞ്ഞു.

Tags: