പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തെ പ്രതിരോധിച്ച ഷാറൂഖ് പത്താന് ഇടക്കാല ജാമ്യം
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തെ ആക്രമിച്ച ഹിന്ദുത്വ-പോലിസ് സംഘത്തെ തോക്കുചൂണ്ടി പ്രതിരോധിച്ച ഷാറൂഖ് പത്താന് ഇടക്കാല ജാമ്യം. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലുള്ള പിതാവിന് കൂട്ടുനില്‍ക്കാനാണ് കാര്‍ക്കദൂമ കോടതി ജഡ്ജി സമീര്‍ ബാജ്‌പേയി 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ 2020 മാര്‍ച്ച് മൂന്നുമുതല്‍ ഷാറൂഖ് പത്താന്‍ ജയിലിലായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തിന് തടസമുണ്ടാക്കരുത് തുടങ്ങിയ നിബന്ധനകളിലാണ് ജാമ്യം.
2020 മാര്‍ച്ച് മുതല്‍ ഒരു ദിവസം പോലും പത്താന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അബ്ദുല്ല അഖ്തര്‍ കോടതിയെ അറിയിച്ചു. മാര്‍ച്ച് ഒന്നിന് പത്താന്റെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ പിതാവിന്റെ കൂടെ നില്‍ക്കാന്‍ ജാമ്യം അനുവദിക്കണം. കുടുംബത്തില്‍ ആണുങ്ങളായി മറ്റാരും ഇല്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുകേസുകളാണ് പത്താന് എതിരെയുള്ളത്. ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയുടെ നേരെ തോക്കുചൂണ്ടി, രോഹിത് ശുക്ല എന്നയാളെ കൊല്ലാന്‍ നോക്കി എന്നിവയാണ് കേസുകള്‍.